സുപ്രീംകോടതിയെ യു.യു.ലളിത് നയിക്കും; ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ഇന്ത്യയുടെ നാല്‍പ്പത്തൊമ്പതാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പരമോന്നത നീതിപീഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്കരിക്കുമെന്ന് ചുമതലയേറ്റശേഷം പുതിയ ചീഫ് ജസ്റ്റിസ് പറഞ്ഞു. നവംബര്‍ എട്ടുവരെയാണ് ജസ്റ്റിസ് യു.യു.ലളിതിന്റെ കാലാവധി.
1986 മുതല്‍ 1992 വരെ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ ജൂനിയറായി പ്രവര്‍ത്തിച്ച യു.യു.ലളിത് അഭിഭാഷകനായിരിക്കേ നേരിട്ടാണ് സുപ്രീംകോടതി ജഡ്ജിയായത്. അഭിഭാഷകനെന്ന നിലയില്‍ സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്കുവേണ്ടിയും ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യനടപടിയില്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിനുവേണ്ടിയും കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാനുവേണ്ടിയും ഹാജരായിട്ടുണ്ട്.
2014 ഓഗസ്റ്റ് 13നാണ് ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2017ല്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിച്ച ബെഞ്ചിന്‍റെ ഭാഗമായിരുന്നു. 2017ല്‍ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്‍റെ ദുരുപയോഗം പരിശോധിക്കണമെന്ന വിവാദ വിധി പുറപ്പെടുവിച്ചു. 2019 ജനുവരിയില്‍ അയോധ്യ കേസ് പരിഗണിച്ച ബെഞ്ചില്‍ നിന്ന് മുസ്ലിംവിഭാഗത്തിന്‍റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍മാറി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ നടത്തിപ്പില്‍ തിരുവിതംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വിധിയും സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ വിധിയും ജസ്റ്റിസ് ലളിത് ഉള്‍പ്പെട്ട ബഞ്ചിന്‍റേതായിരുന്നു.
ചര്‍മം ചര്‍മത്തില്‍ സ്പര്‍ശിച്ചാലേ പോക്സോ നിയമപ്രകാരം ബാലാത്സംഗക്കുറ്റം നിലനില്‍ക്കൂ എന്ന മുംബൈ ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി. പട്ടികജാതി–പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം ലഘൂകരിച്ചുള്ള 2018ലെ വിവാദ വിധി പുറപ്പെടുവിച്ച ബെഞ്ചിലും ജസ്റ്റിസ് ലളിത് ഉണ്ടായിരുന്നു. ഈ വിധി മറികടക്കാന്‍ പാര്‍ലമെന്‍റിന് നിയമഭേദഗതി പാസ്സാക്കേണ്ടിവന്നു. കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ കൂടുതല്‍ സുതാര്യത, അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ അതത് ബഞ്ചുകള്‍ക്ക് മുമ്പില്‍ ചൂണ്ടിക്കാട്ടാന്‍ സംവിധാനം, വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഭരണഘടാ ബഞ്ച് എന്നിവയാണ് പുതിയ ചീഫ് ജസ്റ്റിസിന്‍റെ വാഗ്ദാനങ്ങള്‍.