Latest Updates

'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയിൽ നമ്പി നാരായണൻ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങളെന്ന്  ഐസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞർ.. നമ്പി നാരായണന് പത്മഭൂഷൺ ലഭിച്ചത് ഐസ്ആർഒയിലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹത്തിൻറെ  സഹപ്രവർത്തകരായിരുന്ന  ശാസ്ത്രജ്ഞർ പറയുന്നു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ്  ശാസ്ത്രജ്ഞർ നന്പി നാരായണനെതിരെ വിമർശനമുന്നയിച്ചത്.  നമ്പി നാരായണന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമയിൽ തെറ്റായ കാര്യങ്ങൾ പറയുന്നതിനാലാണ് മാധ്യമങ്ങളെ കാണേണ്ടി വന്നതെന്നും ഡോ എ ഇ മുത്തുനായകം, ഡി ശശികുമാരൻ, പ്രൊഫ. ഇ വി എസ് നമ്പൂതിരി തുടങ്ങി വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. 

അബ്ദുള്‍ കലാമിനെപ്പോലും നന്പി തിരുത്തിയിട്ടുണ്ടെന്നാണ് 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയിൽ പറയുന്നത്. എന്നാൽ ഈ വാദം കളവാണെന്നും 1968-ല്‍ ഐ.എസ്.ആര്‍.ഒയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച നമ്പി നാരായണന്‍ വളരെ കുറച്ച്  മാസങ്ങള്‍ മാത്രമാണ് അന്ന് ഐഎസ്ആർഒയിൽ ഉണ്ടായിരുന്ന  എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ ജോലിചെയ്തതെന്നും ഇവർ പറയുന്നു.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തതുകൊണ്ട് ക്രയോജനിക് എൻജിൻ ഉണ്ടാക്കാൻ വൈകുകയും രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്തെന്ന വാദം തെറ്റാണ്. ഐഎസ്ആർഒയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഒരു ടീമിലും നമ്പി അംഗമായിരുന്നില്ല. 1990 ക്രയോജനിക് സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് റഷ്യയുമായി ചർച്ചചെയ്യാൻ ഐഎസ്ആർഒ തീരുമാനിച്ചു. അതിന്റെ പ്രോജക്ട് ഡയറക്ടറായിരുന്നു നമ്പി നാരായണൻ. 1993-ൽ സാങ്കേതിക വിദ്യയും രണ്ട് എഞ്ചിനും കൈമാറാൻ കരാറായി. ഇതിനായുള്ള ചർച്ചകൾ നടത്തിയത് ജ്ഞാനഗാന്ധിയുടെ നേതൃത്വത്തിലുള്ള ടീമാണ്. അമേരിക്കൻ സമ്മർദ്ദത്തെത്തുടർന്ന് സാങ്കേതിക വിദ്യാ കൈമാറ്റം ഒഴിവാക്കി എഞ്ചിൻ മാത്രമായി കരാർ പുതുക്കി. 1994 നവംബറിൽ നമ്പി സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ആ മാസം തന്നെ അദ്ദേഹം അറസ്റ്റിലായി. കേസ് കഴിഞ്ഞ് തിരികെ എത്തിയ അദ്ദേഹത്തിന് പ്രത്യേക ചുമതലകൾ നൽകിയിരുന്നില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.


നമ്പിയാണ് വികാസ് എൻജിൻ വികസിപ്പിച്ചതെന്ന വാദവും തെറ്റാണ്. ഫ്രാൻസിന്റെ വൈക്കിങ് എൻജിനാണ് വികാസായി വികസിപ്പിച്ചത്. 1974ലാണ് ഫ്രാൻസിലെ സ്ഥാപനവുമായി കരാറിൽ ഒപ്പിട്ടത്. ഫ്രാൻസിലേക്കു പോയ സംഘത്തിന്റെ മാനേജരായിരുന്നു നമ്പി. മാനേജ്മെന്റ് വർക്കാണ് നമ്പി ചെയ്തത്. ടെക്നിക്കിൽ വർക്കുകൾ മറ്റുള്ളവരാണ് ചെയ്തത്. ഒരുവലിയ സംഘം ശാസ്ത്രജ്ഞരുടെ വിജയമാണ് വികാസ് എൻജിന്റേതെന്നും മുത്തു നായകം പറഞ്ഞു.

വിക്രം സാരാഭായ് ആണ് തന്നെ അമേരിക്കയിലെ പ്രീസ്റ്റൺ സർവകലാശാലയിൽ പി ജിക്ക് അയച്ചതെന്ന നമ്പിയുടെ വാദം തെറ്റാണ്. വാസ്തവത്തിൽ എൽ പി എസ് ഡയറക്ടറായിരുന്ന മുത്തുനായകമാണ് അത് ചെയ്തതെന്നും ശാസ്ത്രഞ്ജർ പറയുന്നു.
 

Get Newsletter

Advertisement

PREVIOUS Choice