അട്ടപ്പാടി മധുവധക്കേസ്- പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
അട്ടപ്പാടി മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയായിരുന്നു പ്രതികളുടെ ജാമ്യം റദ്ദാക്കിയത് . തിങ്കഴാഴ്ച വരെയാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. കേസിന്റെ കോടതി രേഖകള്‍ ഹൈക്കോടതി വിളിച്ചു വരുത്താനും തിരുമാനിച്ചിട്ടുണ്ട് . ഹൈക്കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നും അത് റദ്ദ് ചെയ്യാന്‍ വിചാരണക്കോടതിക്ക് എന്ത് അധികാരമെന്നും ഹൈക്കോടതി ചോദിച്ചു.
ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് മണ്ണാര്‍ക്കാട് കോടതി ജാമ്യം റദ്ദ് ചെയ്തത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖാന്തരവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇതുവരെയുള്ള വിസ്താരത്തില്‍ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീർപ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഷിഫാന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
2018 ഫെബ്രുവരിയിലാണ് ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ജനക്കൂട്ടം മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നത്. ഈ കേസില്‍ 16 പ്രതികളാണുള്ളത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. 9 പേര്‍ ഒളിവിലാണുള്ളത്. കേസിലെ 24 സാക്ഷികളെ വിസ്തരിച്ചതില്‍ 13 പേരാണ് ഇതുവരെ കൂറുമാറിയത്.