Latest Updates

പതിനാറാം വയസ്സില്‍ ആദ്യമായി മാഗ്‌നസ് കാള്‍സനെ പരാജയപ്പെടുത്തി ഞെട്ടിച്ചപ്പോള്‍ ആര്‍. പ്രഗ്‌നാനന്ദയ്ക്ക് അഭിനന്ദനവുമായി, പതിനാറാം വയസ്സില്‍ കായികലോകത്ത് ചരിത്രം കുറിച്ച മറ്റൊരു ഇതിഹാസതാരമെത്തി; സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്ന് സച്ചിന്‍ കുറിച്ച വരികള്‍ പ്രഗ്‌നാനന്ദയുടെ ട്വിറ്ററില്‍ പേജ് തുറന്നാല്‍ ഒന്നാമതായി കാണാം. പ്രതിഭകൊണ്ട് പ്രായത്തെ മറികടന്ന സച്ചിനും പ്രഗ്‌നാനന്ദയ്ക്കും പോരാട്ടത്തിലും സമാനതയുണ്ട്. അതിശക്തരായ ബോളര്‍മാരെ തിരഞ്ഞുപിടിച്ചു 'ശിക്ഷിക്കുന്ന' സച്ചിന്‍ശൈലി കാള്‍സനെതിരേയുള്ള പോരാട്ടത്തില്‍ പ്രഗ്‌നാനന്ദയിലും കാണാം.

ഈ വര്‍ഷം മൂന്നാംതവണയാണ് ലോക ചെസ് ചാമ്പ്യന്‍ കാള്‍സണെ പ്രഗ്‌നാനന്ദ തോല്‍പ്പിക്കുന്നത്. അമേരിക്കയിലെ മയാമിയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കഴിഞ്ഞദിവസമായിരുന്നു ഒടുവിലത്തെ ജയം. ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ (2013) എട്ട് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഏഴാം വയസ്സില്‍ കിരീടമണിഞ്ഞതായിരുന്നു രാജ്യാന്തര തലത്തില്‍ ആദ്യ നേട്ടം. രണ്ടുവര്‍ഷത്തിനുശേഷം പത്ത് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ചാമ്പ്യനായി. പത്തുവര്‍ഷവും 10 മാസവും 19 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായി ചരിത്രം കുറിച്ചു.

2017-ല്‍ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നാലാംസ്ഥാനം നേടിയ പ്രഗ്‌നാനന്ദ എട്ട് പോയന്റ് നേടി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിലേക്കുള്ള ആദ്യ കടമ്പ കടന്നു. അടുത്തവര്‍ഷം രണ്ടാം മാനദണ്ഡവും പിന്നിട്ടു. ഇതേവര്‍ഷം ഇറ്റലിയില്‍ നടന്ന ഗ്രെഡൈന്‍ ഓപ്പണില്‍ ഇറ്റലിയുടെ ലൂക്ക മൊറോണി ജൂനിയറിനെ പരാജയപ്പെടുത്തിയതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. 12 വര്‍ഷവും 10 മാസവും 13 ദിവസവും പ്രായമുണ്ടായിരുന്ന പ്രഗ്‌നാനന്ദ അന്ന് ഗ്രാന്‍ഡ് മാസ്റ്ററായ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമായിരുന്നു.

മകള്‍ വൈശാലിയുടെ പരിശീലനത്തിനുള്ള ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ രമേഷ് ബാബുവിന് മകനെ ചെസ് പഠിപ്പിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. മകള്‍ ചെസ് കളിക്കുമ്പോള്‍ മകന്‍ പഠിച്ച് ജോലിനേടിയാല്‍ മതിയെന്ന് അമ്മ നാഗലക്ഷ്മിയും കരുതി. പക്ഷേ, കരുക്കള്‍ കളിപ്പാട്ടമാക്കിയ ബാലന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണമായും ചെക്ക് പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. ആ മകന്റെപേരില്‍ ഇന്ന് രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. തമിഴ്നാട് സംസ്ഥാന സഹകരണബാങ്കിലെ ജീവനക്കാരനായ രമേഷ് ബാബുവും വീട്ടമ്മയായ നാഗലക്ഷ്മിയും ഏറെ കഷ്ടങ്ങള്‍ സഹിച്ചാണ് മക്കളെ രണ്ടുപേരെയും ചെസ് താരങ്ങളാക്കിയത്. വൈശാലി ചെറിയ വയസ്സ് മുതല്‍ ചെസ് കളിച്ചുതുടങ്ങി.

പോളിയോ ബാധിച്ച് കാലിന് സ്വാധീനംനഷ്ടമായ രമേഷിന് മകളെ പലയിടങ്ങളിലായി നടക്കുന്ന പരിശീലനങ്ങള്‍ക്കും മത്സരങ്ങള്‍ക്കും കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരുന്നു. ചെന്നൈയില്‍ അടുത്തിടെ നടന്ന ചെസ് ഒളിമ്പ്യാഡില്‍ വൈശാലിയും മത്സരിച്ചിരുന്നു. ഉറക്കമിളച്ചിരുന്നാണ് പ്രഗ്‌നാനന്ദയുടെ അച്ഛനും അമ്മയും സഹോദരിയും മയാമിയില്‍ നടന്ന കാള്‍സനുമായുള്ള മത്സരം കണ്ടത്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ലാപ്ടോപ്പില്‍ മത്സരം കണ്ടു. അവസാനംവരെ ടെന്‍ഷനായിരുന്നു. ജയം അറിഞ്ഞതോടെ പിന്നീട് ഉറങ്ങാനും തോന്നിയില്ല.

Get Newsletter

Advertisement

PREVIOUS Choice