സിവിക് ചന്ദ്രൻറെ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതി സ്റ്റേ..
ലൈംഗീക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. . മുന്‍കൂര്‍ ജാമ്യം നല്കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അതേസമയം, അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായം പരിഗണിച്ചാണ് അറസ്റ്റ് തടയുന്നതെന്നും കോടതി വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. അപ്രസക്തമായ കാരണങ്ങള്‍ പരിശോധിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സിവിക് ചന്ദ്രനെതിരേ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന പരാതിയില്‍ കോഴിക്കോട് സെക്ഷന്‍സ് കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്..
സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങളും കോടതി സ്റ്റേ ചെയ്തു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന സെഷന്‍സ് കോടതി നിരീക്ഷണം ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി