ഒന്നിടറിയെങ്കിലും ഇഗ സ്യാംതെക് വിജയത്തുടർച്ച കൈവിട്ടില്ല
നെതർലൻഡ്സ് താരം ലെസ്‌ലി കെർഖോവിനെ തോൽപിച്ച് ലോക ഒന്നാം നമ്പർ താരം വിമ്പിൾഡൻ ടെന്നിസ് മൂന്നാം റൗണ്ടിൽ കടന്നു. സ്കോർ: 6–4,4–6,6–3. പ്രഫഷനൽ സർക്യൂട്ടിൽ ഇഗയുടെ തുടർച്ചയായ 37–ാം ജയമാണിത്. ബൽജിയം താരം കേസ്റ്റൻ ഫ്ലിപ്കെൻസിനെ തോൽപിച്ച് റുമാനിയൻ താരം സിമോണ ഹാലെപ്പും മുന്നേറി (7–5,6–4). ജെസീക്ക പെഗുല, ബാർബറ ക്രെജിക്കോവ, പെട്ര ക്വിറ്റോവ, പൗളോ ബഡോസ, ഒൻസ് ജാബർ, എന്നിവരും മൂന്നാം റൗണ്ടിലെത്തി.
മുൻ യുഎസ് ഓപ്പൺ ചാംപ്യനായ കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യുവിനെ കസഖ്സ്ഥാന്റെ 17–ാം സീഡ് എലെന റൈബാകിന തോൽപിച്ചു (6–4,7–6). ചെക്ക് റിപ്പബ്ലിക്കിന്റെ 6–ാം സീഡ് കരോലിൻ പ്ലിസ്കോവയെ ബ്രിട്ടന്റെ കാറ്റി ബോൾട്ടർ അട്ടിമറിച്ചു (3–6,7–6,6–4).
ബ്രിട്ടിഷ് താരം ആൻഡി മറെയെ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം ജോൺ ഇസ്നർ വീഴ്ത്തി. സ്കോർ: 6–4,7–6, 6–7, 6–4. പുരുഷൻമാരിൽ സ്റ്റെഫാനോസ് സിറ്റ്സിപാസ്, നിക്ക് കിർഗിയോസ്, കാർലോസ് അൽകാരാസ് എന്നിവർ മുന്നേറി.
വനിതാ ഡബിൾസിൽ ഇന്ത്യൻ താരം സാനിയ മിർസയും ചെക്ക് പങ്കാളി ലൂസി ഹ്രദെക്കയും ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.