ആമിറിനും പതറുന്നു; ലാൽ സിങ് ഛദ്ദ വൻ പരാജയത്തിലേക്ക്
ബോളിവുഡിൽ ആമിര്‍ ഖാൻ ചിത്രത്തിനു പോലും കാര്യമായ ബോക്സ് ഓഫിസ് ചലനമുണ്ടാക്കാനാവുന്നില്ല. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ല. ആറ് ദിവസത്തെ കലക്‌ഷൻ 48 കോടിയാണ്. ആമിറിന്റേതായി ഇതിനു മുമ്പിറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ആദ്യ ദിനം തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. പക്ഷേ പിന്നീട് ചിത്രം ബോക്സ്ഓഫിസിൽ തകർന്നടിഞ്ഞു. 185 കോടി മുടക്കിയ ലാൽ സിങ് ഛദ്ദ ആദ്യ ദിനം 10 കോടി നേടിയിരുന്നു.
എന്നാല്‍ രണ്ടാം ദിനത്തില്‍ ആദ്യദിനത്തേക്കാള്‍ 40 ശതമാനം വരുമാനം ഇടിഞ്ഞു. ബോളിവുഡിൽ സൂപ്പർതാര ചിത്രങ്ങളുടെ വീഴ്ച തുടരുകയാണ്. ബച്ചൻ പാണ്ഡെ, പൃഥ്വിരാജ് ചൗഹാൻ എന്നിവയുടെ വൻ തകർച്ചയ്ക്കു ശേഷം എത്തിയ അക്ഷയ് കുമാർ ചിത്രം രക്ഷാബന്ധനും ബോക്സ് ഓഫിസിൽ നിറംമങ്ങിയിരുന്നു. ആമിർ ഖാന്റെ, തുടർച്ചയായ രണ്ടാം ചിത്രമാണ് ബോക്സ്ഓഫിസിൽ പരാജയപ്പെടുന്നത്. ഇന്ത്യയില്‍ വെള്ളിയാഴ്ച ആമിര്‍ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. 75 കോടിക്കു മുകളിൽ കലക്‌ഷൻ ഉണ്ടാക്കാൻ ചിത്രത്തിന് കഴിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. പാൻ ഇന്ത്യൻ ഓഡിയൻസിനു വേണ്ട ഘടകങ്ങൾ സിനിമയിൽ ഇല്ലെന്നും പ്രീമിയം മൾട്ടിപ്ലക്സ് ഓഡിയൻസിനെയാണ് ചിത്രം കൂടുതലായും സ്വാധീനിച്ചതെന്നും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറഞ്ഞു.
തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു. 2018 ൽ റിലീസ് ചെയ്ത തഗ്സ് ഓഫ് ഹിന്ദൊസ്ഥാനു ശേഷം റിലീസിനെത്തുന്ന ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ലാല്‍ സിങ് ഛദ്ദ. ആമിർ ഖാൻ, കരീന കപൂർ ഖാൻ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്.
ചിത്രത്തിൽ ഷാറുഖ് ഖാൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ (1994) റീമേക്ക് ആണ് ലാൽ സിങ് ഛദ്ദ. നടൻ അതുൽ കുൽക്കർണിയാണ് ഹിന്ദിയിൽ തിരക്കഥയൊരുക്കിയത്. 2015ൽ ആമിർ ഖാൻ നടത്തിയ ഒരു പ്രസ്താവനയോട് ബന്ധപ്പെടുത്തി ചില ആളുകൾ ചിത്രത്തിനെതിരെ ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു.