Latest Updates

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെല്ലാം വീട്ടിലിരുന്നാണ് പഠനം. എന്നാല്‍ നീണ്ട ഇടവേളയ്ക്കുശേഷം ബുധനാഴ്ച വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ തുറന്നു. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളാണ് 50 ശതമാനം വിദ്യാര്‍ഥികളുമായി സ്‌കൂളുകള്‍ പുനരാരംഭിച്ചത്.  

ഡല്‍ഹിയിലും രാജസ്ഥാനിലും ഒമ്പതുമുതല്‍ 12 വരെ ക്‌ളാസുകളും മധ്യപ്രദേശില്‍ ആറുമുതല്‍ 12 വരെയുള്ള ക്‌ളാസുകളുമാണ് പുനരാരംഭിച്ചത്. മുഖാവരണങ്ങള്‍ ധരിക്കുന്നതും സാമൂഹികാകലം പാലിക്കുന്നതും കര്‍ശനമാക്കിയിട്ടുണ്ട്. സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാക്കി. ഭക്ഷണവസ്തുക്കളും പഠനോപകരണങ്ങളും പങ്കുവെക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഉച്ചയൂണിന്റെ സമയം കുറച്ചു.  

ഛത്തീസ്ഗഢില്‍ 6, 7, 9, 11 ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ഒന്നുമുതല്‍ അഞ്ചുവരെയും എട്ട്, 10, 12 ക്ലാസുകളിലെയും കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ ഓഗസ്റ്റ് ഒന്നിന് പുനരാരംഭിച്ചിരുന്നു. അസമില്‍ സ്‌കൂളുകള്‍ നിയന്ത്രണങ്ങളോടെ ഈ മാസം ആറിന് തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സെപ്റ്റംബറോടെ അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി. തമിഴ്നാട്ടില്‍ കോളേജുകളും സ്‌കൂളുകളില്‍ ഒമ്പത് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളുമാണ് തുറന്നത്. നേരിട്ടെത്തുന്നത് നിര്‍ബന്ധമല്ലെങ്കിലും പകുതിയിലധികം വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തി. വരും ദിവസങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Get Newsletter

Advertisement

PREVIOUS Choice