Latest Updates

ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി കുട്ടികള്‍ ധാരാളം പണം ചിലവഴിക്കുന്നുണ്ട്. പണം കിട്ടാതെ വരുമ്പോള്‍ മാതാപിതാക്കളുമായി വഴക്കുണ്ടാക്കാറുമുണ്ട്. ചിലരാകട്ടെ മാതാപിതാക്കളറിയാതെയാണ് പണം ചിലവഴിക്കുന്നത്. ഇത്തരത്തില്‍  കളിക്കാനായി അമ്മ അറിയാതെ അക്കൗണ്ടില്‍നിന്നു മക്കള്‍ പിന്‍വലിച്ചത് ഒരു ലക്ഷത്തിലധികം രൂപ. അക്കൗണ്ടില്‍ നിന്നു പണം നഷ്ടമാകുന്നതായി വീട്ടമ്മ കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതിലും പത്തിലും പഠിക്കുന്ന 2 മക്കളും ബന്ധുവായ കുട്ടിയും ഓണ്‍ലൈന്‍ ഗെയിമിനായി പണം ചെലവഴിച്ചതായി കണ്ടെത്തിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്താണ്. ഓണ്‍ലൈന്‍ പഠനത്തിനാണ് മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും ടാബും വാങ്ങി നല്‍കിയത്. നിരോധിച്ച 'പബ്ജി'യാണ് ഇവര്‍ കളിച്ചിരുന്നതെന്ന് സൈബര്‍ പൊലീസ് പറയുന്നു. 

ഗെയിമിന്റെ പുതിയ ഘട്ടങ്ങള്‍ പിന്നിടാന്‍ മൂവര്‍ക്കും പണം വേണ്ടി വന്നു. അമ്മയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്വേഡും മറ്റു വിവരങ്ങളും അറിയാവുന്ന കുട്ടികള്‍ അക്കൗണ്ടില്‍നിന്നു പണം എടുക്കുകയായിരുന്നു. വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയപ്പോഴും മൂവരും ഇക്കാര്യം അറിയിച്ചില്ല. പിന്നീട് സൈബര്‍ സെല്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്താകുന്നത്. കുട്ടികള്‍ അധിക നേരം ഫോണില്‍ ചിലവഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരത്തില്‍ പണം നഷ്ടമായേക്കും.

Get Newsletter

Advertisement

PREVIOUS Choice