Latest Updates

ഫോഡ് ഇന്ത്യ ചെന്നൈ പ്ലാന്റില്‍ ഇക്കോസ്പോര്‍ട്ട് കോംപാക്റ്റ് എസ്യുവിയുടെ ഉത്പാദനം പുനരാരംഭിച്ചു. ഇന്ത്യയിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച യുഎസ് കമ്പനിക്ക് 30,000 യൂണിറ്റുകളുടെ കയറ്റുമതി കൂടി പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്. 2021 അവസാനത്തോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.  

ഫോഡ് ഇന്ത്യയിലെ തൊഴിലാളി യൂണിയനും ഫോഡ് മോട്ടോര്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. മുന്‍പ് യോഗം ചേര്‍ന്നെങ്കിലും തൊഴിലാളികളുടെ ആവശ്യങ്ങളില്‍ തീരുമാനമാകാതെ യോഗം പിരിഞ്ഞിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.   

ഇന്ത്യയിലെ വാഹന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഫോഡ് ഇന്ത്യ സെപ്റ്റംബര്‍ 9 നാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം നാലാം പാദത്തോടെ വാഹന നിര്‍മാതാവ് സനന്ദിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. ചെന്നൈയിലെ വാഹന, എഞ്ചിന്‍ നിര്‍മ്മാണം 2022 രണ്ടാം പാദത്തോടെ നിര്‍ത്തും. സനന്ദിലെ എഞ്ചിന്‍ നിര്‍മാണ പ്ലാന്റ് മാത്രമായി കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം ചുരുങ്ങും. ഫോഡ് ഇന്ത്യയുടെ തീരുമാനം 5,300 ഓളം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും.

Get Newsletter

Advertisement

PREVIOUS Choice