Latest Updates

മണ്‍സൂണിനെ തുടര്‍ന്ന് കുറച്ചുമാസങ്ങളായി മഹാരാഷ്ട്രാതീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. നിരോധനം നീക്കിയതിനു ശേഷമുള്ള ആദ്യദിവസം തന്നെ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സ്വദേശി ചന്ദ്രകാന്ത് താരേയ്ക്കും കൂട്ടുകാര്‍ക്കും വമ്പന്‍ കോളടിച്ചു. വെറും 157 മീന്‍ ലേലത്തില്‍ വിറ്റത് 1.33 കോടിരൂപയ്ക്കാണ്. ചന്ദ്രകാന്തും സംഘവും പിടിച്ച, സീ ഗോള്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഘോള്‍ മത്സ്യ(പല്ലിക്കോര)മാണ് ഈ വന്‍വിലയ്ക്കു വിറ്റത്. പാല്‍ഘറിലെ മുര്‍ബെയിലായിരുന്നു ലേലം നടന്നത്. ഉത്തര്‍ പ്രദേശ്-ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരാണ് 1.33 കോടിക്ക് മത്സ്യം വാങ്ങിയത്.   

Protonibea Diacanthus- എന്നാണ് ഈ മത്സ്യത്തിന്റെ ശാസ്ത്രീയനാമം. സൗന്ദര്യവര്‍ധക വസ്തുക്കള്‍, മരുന്നുകള്‍, ശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന നൂലുകളുടെ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ മത്സ്യം ഉപയോഗിക്കുന്നത്. മത്സ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഔഷധഗുണവുമുണ്ട്. ഇത്തരമൊരു ലാഭം കിട്ടുമെന്ന് ചന്ദ്രകാന്തും സംഘവും കരുതിയിരുന്നേയില്ല. ഓഗസ്റ്റ് 28 വൈകുന്നേരമാണ് ചന്ദ്രകാന്തും എട്ടു കൂട്ടുകാരും ഹര്‍ബ ദേവി എന്ന ബോട്ടില്‍ വാധ്വാനിലേക്ക് പുറപ്പെട്ടത്. ഏറെ ഔഷധഗുണമുള്ള ഘോള്‍ മത്സ്യം മരുന്നുനിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്. ഹോങ് കോങ്, തായ്‌ലന്‍ഡ്, ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്.

Get Newsletter

Advertisement

PREVIOUS Choice