Latest Updates

വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും  കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  

പരസഹായത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്.  നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ  പ്രത്യേകശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തില്‍ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാര്‍  മാസത്തില്‍ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും തയ്യാറാകണം.   

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ് നടത്തണം. സ്വയം പരിശോധന നടത്താന്‍ മുന്നോട്ടു വരാത്ത ആള്‍ക്കാരെ ക്യാമ്പയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധിപ്പിക്കണം. ഒഴിഞ്ഞു നില്‍ക്കാനുള്ള പ്രവണതയുള്ളവരെ കൂടി ഭാഗമാക്കി കഴിയാവുന്നത്ര ജനങ്ങളെ പദ്ധതിയില്‍ പങ്കാളികളാക്കണമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.  

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ച് ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ശക്തമായ ക്യാമ്പയിന്‍ അതത് പ്രദേശങ്ങളില്‍ നടത്തണം. പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്നതിന്റെ  പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും  ശാസ്ത്രസാങ്കേതിക കൗണ്‍സിലും ഏകോപിത മായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പിണറായി നിര്‍ദേശിച്ചു.

Get Newsletter

Advertisement

PREVIOUS Choice