Latest Updates

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശമാണ് അമുലിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് സമ്മാനം നല്‍കുന്നുവെന്നത്. സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ പ്രവേശിച്ച് നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിച്ചാല്‍ സമ്മാനം ലഭിക്കുമെന്നാണ് വാഗ്ദാനം. ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ അമുലിന്റെ ലോഗോയും മറ്റുമുള്ള ഒരു വെബ്‌സൈറ്റിലേക്കാണ് എത്തുന്നത്. ആറായിരം രൂപയുടെ സമ്മാനമാണ് ഓഫര്‍ ചെയ്യുന്നത്. ഇതിനായി വേണ്ടത് നിസ്സാരമായ നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രം. സര്‍വേ പോലെയാണിത്. ചോദ്യാവലി കഴിയുന്നതോടെ സമ്മാനം ക്ലെയിം ചെയ്യാനുള്ള അവസരമെത്തും.  

ഗിഫ്റ്റ് ബോക്സ് തുറക്കുന്നതോടെ ആറായിരം സമ്മാനം ലഭിച്ചതായും വരും. ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനം വീട്ടിലെത്തുമെന്നു പറഞ്ഞ് വിലാസവും ഇവര്‍ വാങ്ങും. എന്നാല്‍ ജോലി അവിടെ തീരുന്നില്ല. ഈ സന്ദേശം സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യണം എന്നതാണ് അടുത്ത നിര്‍ദേശം. കുറച്ചു ദിവസങ്ങളായി വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഈ സന്ദേശം വ്യാജമാണെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുകയും പിന്നീട് ഇതുപയോഗിച്ച് തട്ടിപ്പില്‍ കുരുക്കുകയുമാണ് ലക്ഷ്യം. വാട്‌സാപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങള്‍ വഴിയും തെറ്റായ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഇത്തരം ഒരു കാമ്പയിന്‍ തങ്ങള്‍ നടത്തുന്നില്ലെന്നുമാണ് അമുലിന്റെ വിശദീകരണം. 

Get Newsletter

Advertisement

PREVIOUS Choice