Latest Updates

പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍ ആഗോളതലത്തില്‍ 55,000 പേരെ നിയമിക്കുന്ന ആമസോണ്‍ കരിയര്‍ മേള ഈ മാസം ആരംഭിക്കുന്നു. ആഗോളതലത്തില്‍ കോര്‍പ്പറേറ്റ്, ടെക്നോളജി റോളുകള്‍ക്കായി 55,000 പേരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി അറിയിച്ചു. കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ച ഈ സമയത്ത് വളരെയധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഈ അവസരത്തില്‍ വ്യത്യസ്തവും പുതിയതുമായ ജോലികളെക്കുറിച്ച് ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും ജാസി പറഞ്ഞു.  

ജൂലൈയില്‍ ആമസോണിന്റെ ഉന്നത പദവിയില്‍ എത്തിയതിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിലാണ് അമേരിക്ക, ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്നതായി ജാസി പറഞ്ഞത്. ആമസോണിന്റെ വാര്‍ഷിക തൊഴില്‍ മേള സെപ്റ്റംബര്‍ 15 നാണ് ആരംഭിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://www.amazoncareerday.com എന്ന സൈറ്റില്‍ അപേക്ഷകള്‍ അയക്കാവുന്നതാണ്. പുതിയ നിയമനങ്ങള്‍ ആമസോണിന്റെ ടെക്, കോര്‍പ്പറേറ്റ് ജീവനക്കാരുടെ 20% വര്‍ദ്ധനവുണ്ടാക്കുമെന്നും നിലവില്‍ ആഗോളതലത്തില്‍ ഏകദേശം 275,000 തൊഴിലാളികള്‍ ഉണ്ടെന്നും ആന്‍ഡി ജാസി അറിയിച്ചു. പ്രവൃത്തിപരിചയം, അനുഭവസമ്പത്തുള്ള തൊഴില്‍ മേഖല, തൊഴില്‍ പശ്ചാത്തലം എന്നിവ പരിഗണിക്കാതെ ആമസോണിന്റെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കാണ് നിയമനം നല്‍കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice