Latest Updates

  കോവിഡ് വാക്‌സിനുകളെ സംബന്ധിച്ച ആശങ്കകള്‍ ഇനിയും അവസാനിക്കുന്നില്ല. കേരളം പോലെയുള്ള സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതും താരതമ്യേന സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ സംസ്ഥാനങ്ങള്‍ വാക്‌സിന്റെ യഥാര്‍ത്ഥ ഉദ്ദേശം മനസ്സിലാക്കി വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നിലേക്ക് വരുമ്പോള്‍, വടക്കേ ഇന്ത്യയില്‍ മിക്കയിടങ്ങളിലും ജനങ്ങള്‍ വാക്‌സിനെ ഭയത്തോടെയാണ് കാണുന്നത്.  വാക്‌സിനെ സംബന്ധിച്ച് പൊതുവെയുള്ള ഒരു തെറ്റായ ധാരണ ഇത് വന്ധ്യതക്ക്് കാരണമാകുമെന്നുള്ളതാണ്.

വാക്‌സിനുകള്‍ പുരുഷന്മാരില്‍ ബീജകോശങ്ങളുടെ എണ്ണത്തെ കുറക്കുമെന്നുള്ള ആശങ്ക തെറ്റാണെന്ന് അമേരിക്കയിലെ മയാമി സര്‍വകലാശാല നടത്തിയ പഠനം തെളിയിക്കുകയാണ്. ഫൈസര്‍ ബയോഎന്‍ടെക്കിന്റെയും മൊഡേണയുടെയും വാക്സീനുകള്‍ കുത്തിവച്ച പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണത്തിലോ ഗുണത്തിലോ യാതൊരു കുറവും വന്നിട്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 18നും 50നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പുരുഷ വോളന്റിയര്‍മാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് പ്രത്യുത്പാദന പ്രശ്നങ്ങളുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് അവരില്‍ വാക്സീന്‍ കുത്തിവച്ചത്.  വാക്സീന്‍ ആദ്യ ഡോസ് കുത്തി വയ്ക്കുന്നതിന് രണ്ട് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പും വാക്സീന്‍ രണ്ടാമത്തെ ഡോസ് കുത്തിവച്ച് കഴിഞ്ഞ് 70 ദിവസങ്ങള്‍ക്ക് ശേഷവും ഇവരില്‍ നിന്ന് ശുക്ല സാംപിളുകള്‍ ഗവേഷകര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 

കൂടാതെ, ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ എത്ര ബീജകോശങ്ങള്‍ ഉണ്ടെന്നതിന്റെ അളവായ സ്പേം കോണ്‍സണ്‍ട്രേഷന്‍ വാക്സീന്‍ എടുക്കും മുന്‍പ് ഒരു മില്ലിലീറ്ററില്‍ 26 ദശലക്ഷമായിരുന്നത് വാക്സീന്‍ എടുത്ത ശേഷം 30 ദശലക്ഷമായി ഉയര്‍ന്നു. ചലിക്കുന്ന ബീജകോശങ്ങളുടെ അളവായ ടോട്ടല്‍ മോട്ടൈല്‍ സ്പേം കൗണ്ട് 36 ദശലക്ഷത്തില്‍ നിന്ന് 44 ദശലക്ഷമായി വര്‍ധിച്ചിരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. ശുക്ലത്തിന്റെ അളവിലും വര്‍ധന രേഖപ്പെടുത്തി. അതേ സമയം, ഇത്തരത്തിലൊരു പഠനറിപ്പോര്‍ട്ടിനായി കൂടുതല്‍ പേരില്‍ പഠനം നടത്തേണ്ടതുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.   

Get Newsletter

Advertisement

PREVIOUS Choice