Latest Updates

ആദ്യ കടല്‍യാത്രാ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനിക്കപ്പല്‍ ഐഎസി-1 എന്ന ഐഎന്‍എസ് വിക്രാന്ത്. ആഗസ്ത് നാലിന് കൊച്ചിയില്‍നിന്ന് തിരിച്ച യാത്ര എട്ടിനാണ് കപ്പല്‍ പൂര്‍ത്തിയാക്കിയത്. ആസൂത്രണം ചെയ്ത പോലെ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി ദക്ഷിണ നാവിക കമാന്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും യാത്രകള്‍ കൂടി നടത്തി കാര്യക്ഷമത ഉറപ്പാക്കിയ ശേഷമേ വിക്രാന്ത് നാവികസേനയ്ക്കു കൈമാറൂ. ഇന്ത്യന്‍ നേവിയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പന ചെയ്ത വിക്രാന്ത് നിര്‍മിച്ചത് കൊച്ചിന്‍ ഷിപ്യാഡിലാണ്. സര്‍ക്കാരിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്', നാവിക സേനയുടെ 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭം എന്നിവയുടെ ഉത്തമ ഉദാഹരണമാണു വിക്രാന്ത്. 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമാണ് കപ്പലിന്. അഞ്ച് സൂപ്പര്‍ സ്ട്രക്ചര്‍ ഡെക്ക് അടക്കം 14 ഡെക്കുകളും 2,300-ലധികം കമ്പാര്‍ട്ടുമെന്റുകളും കപ്പലിലുണ്ട്. 1700-ഓളം നാവികരെ കപ്പലില്‍ ഉള്‍ക്കൊള്ളാനാവും.

കന്നി കപ്പല്‍ യാത്രയ്ക്കിടെ, കപ്പലിന്റെ പ്രകടനം, പ്രൊപ്പല്‍ഷന്‍, ഊര്‍ജോത്പാദനവും വിതരണവും, സഹായ ഉപകരണങ്ങളുടെ ശേഷി എന്നിവ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു.

Get Newsletter

Advertisement

PREVIOUS Choice