Latest Updates

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ്, കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടിയായിരുന്നു. എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി 2009-ല്‍ പുറത്തിറങ്ങിയ "കുട്ടിസ്രാങ്ക്" ഏഴുവീതം ദേശീയ , സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്', പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജില്‍ ബിരുദം നേടി. പിന്നീട് 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രഹണത്തില്‍ ഡിപ്ലോമ ചെയ്തു. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹം 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.

Get Newsletter

Advertisement

PREVIOUS Choice