ഹൈദരാബാദില്‍ കനത്ത സുരക്ഷയ്ക്കിടെ മിസ് വേള്‍ഡ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മെയ് 31ന് ഗ്രാന്റ് ഫിനാലെ
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടത്തിനുള്ള മത്സരങ്ങള്‍ക്ക് ഇന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ തുടക്കമാകും. ഇന്ത്യ-പാക് സംഘര്‍ഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് 72ാമത് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇന്ത്യ അന്താരാഷ്ട്ര സുന്ദരിമത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞവര്‍ഷം മുംബൈയിലായിരുന്നു മത്സരം. 115 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഇതിനായി ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ നന്ദിനി ഗുപ്തയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് മത്സരപരിപാടികള്‍ ആരംഭിക്കും. വേദിയും അതിന്റെ ചുറ്റുപാടും ഉൾപ്പെടെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാര്‍ഥികളുടെ പ്രകടനങ്ങള്‍ക്കൊപ്പം ദേശീയ-അന്താരാഷ്ട്ര സാംസ്കാരിക പരിപാടികളും അരങ്ങേറും.മെയ് 31ന് ഹൈടെക്സ് എക്സിബിഷന് സെന്ററിലാണ് ഗ്രാന്റ് ഫിനാലെ.