സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
* 10 എൻ.ക്യു.എ.എസ്., 2 ലക്ഷ്യ, 1 മുസ്‌കാൻ അംഗീകാരങ്ങൾ * ആകെ 227 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ 10 ആരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി (96.74%), മലപ്പുറം നിലമ്പൂർ ജില്ലാ ആശുപത്രി (92%), കുടുംബാരോഗ്യ കേന്ദ്രങ്ങളായ പാലക്കാട് മരുതറോഡ് (96.38%), ആലപ്പുഴ താമരകുളം (95.08%), ഭരണിക്കാവ് (91.12%), വയനാട് വാഴവറ്റ (95.85%), കൊല്ലം പുനലൂർ നഗര കുടുംബാരോഗ്യ കേന്ദ്രം (95.33%), ജനകീയ ആരോഗ്യ കേന്ദ്രങ്ങളായ കൊല്ലം മടത്തറ (87.52%), മലപ്പുറം അത്താണിക്കൽ (94%), വയനാട് മാടക്കുന്ന് (97.24%) എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) ലഭിച്ചത്. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രി എൻ.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാൻ എന്നീ അംഗീകാരങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ആദ്യ ആശുപത്രിയായി. നിലമ്പൂർ ജില്ലാ ആശുപത്രിയ്ക്ക് എൻ.ക്യു.എ.എസ്., ലക്ഷ്യ എന്നീ അംഗീകാരങ്ങളാണ് ലഭിച്ചത്. ജില്ലാതല ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുക എന്നത് ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക ലക്ഷ്യമായി ഏറ്റെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്കുള്ള ബഹുമതിയാണ് ഈ അംഗീകാരങ്ങൾ. മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി അഭിനന്ദിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ 227 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും, 5 ആരോഗ്യ സ്ഥാപനങ്ങൾക്ക് മുസ്‌കാൻ അംഗീകാരവും 14 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 44 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 152 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 8 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. മാതൃശിശു മരണ നിരക്ക് കുറയ്ക്കുക അതോടൊപ്പം തന്നെ ഗർഭിണികളായ സ്ത്രീകൾക്കും നവജാതശിശുക്കൾക്കും മികച്ച പരിചരണം നൽകിവരുന്നു എന്നു ഉറപ്പു വരുത്തുക, ലോകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മെച്ചപ്പെട്ട സംരക്ഷണം, ഇതുകൂടാതെ പ്രസവാനന്തര ശുശ്രൂക്ഷ, ഗുണഭോക്താക്കളുടെ സംതൃപതി, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തീയേറ്ററുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എൻ.ക്യു.എ.എസ്., മുസ്‌കാൻ, ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.