വത്തിക്കാനില്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പ് നാളെ ആരംഭിക്കും; കര്‍ദിനാള്‍മാര്‍ ഇന്ന് യോഗം ചേരും
വത്തിക്കാന്‍: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് നാളെ ആരംഭിക്കും. കോണ്‍ക്ലേവിന് മുന്നോടിയായി, ഇന്ന് വത്തിക്കാനില്‍ എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന പ്രധാന യോഗം ചേരും. ഇന്നലെ നടന്ന യോഗത്തില്‍ വോട്ടവകാശമുള്ള 132 പേര് അടക്കം, 179 കര്‍ദിനാള്‍മാരാണ് പങ്കെടുത്തത്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. ഈ കര്‍ദിനാള്‍മാര്‍ തിങ്കളാഴ്ച സാന്താ മാര്‍ത്താ അതിഥിമന്ദിരത്തിലേക്ക് താമസം മാറിയിരുന്നു. കോണ്‍ക്ലേവിന്റെ ഭാഗമായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, സിസ്റ്റൈന്‍ ചാപ്പലിന്റെ മുകളിലേക്ക് പുകക്കുഴലും, ബാലറ്റുകള്‍ കത്തിക്കുന്നതിന് സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്ര ദിവസം നീളുമെന്ന് പറയാനാകില്ല. ചിലത് മണിക്കൂറുകള്‍ക്കകം പൂര്ത്തിയായിരുന്നപ്പോള്, ചരിത്രത്തില്‍ 2 വര്‍ഷവും 9 മാസവും നീണ്ട കോണ്‍ക്ലേവുകളും ഉണ്ടായിട്ടുണ്ട്. ജനത്തോട് അടുത്തുനില്ക്കുന്ന ഇടയനെയാണ് പുതിയ മാര്‍പാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ക്ലേവിനു മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ ചര്‍ച്ചയില്‍ പലരും അഭിപ്രായപ്പെട്ടതായി വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുന്നത്.