രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം തല്‍ക്കാലത്തേക്ക് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും ആരംഭിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിയത്. 18നും 19നും രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന് മുന്‍കൂട്ടിയുള്ള സുരക്ഷാ സംവിധാനങ്ങളോടനുബന്ധിച്ചാണ് വെര്‍ച്വല്‍ ക്യൂ നിർത്തിയത്. ഈ ദിവസം പ്രസിഡന്റ് ശബരിമല സന്ദര്‍ശിക്കുമെന്ന അടിസ്ഥാനത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍, സന്ദര്‍ശനം ഒഴിവാക്കിയ വിവരം പൊലീസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും, മറ്റൊരു അവസരത്തില്‍ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. ഇടവമാസ പൂജയ്ക്കായി ക്ഷേത്രനട മെയ് 14-ന് വൈകിട്ട് 4 മണിക്ക് തുറക്കും. മെയ് 19 വരെ പൂജകളുണ്ടായിരിക്കും. ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ വിശേഷാല്‍ വഴിപാടുകള്‍ എല്ലാ ദിവസവും നടക്കും.