Latest Updates

തൃശൂര്‍: വടക്കുന്നാഥന്‍ ക്ഷേത്രത്തിലെ പൂര വിളംബരം അറിയിച്ച് തെക്കേ ഗോപുരനട ഇന്ന് തുറക്കും. നെയ്തലക്കാവ് വിഭാഗത്തിനു വേണ്ടി തിടമ്പേറ്റിയ എറണാകുളം ശിവകുമാര്‍ എന്ന ഗജവീരനാണ് ഇന്ന് പകല്‍ പതിനൊന്നരയോടെ ഗോപുരനട തുറക്കുന്നത്. ശിവകുമാര്‍ തുമ്പിക്കൈ ഉയര്‍ത്തുന്നതോടെ പൂരാരംഭം ഔപചാരികമാകും. രാവിലെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് ആരംഭിച്ച് പാറമേക്കാവ് വഴി മണികണ്ഠനാലിലേക്ക് എത്തും. തുടര്‍ന്ന് കക്കാട് രാജപ്പന്‍ പ്രമാണിയായ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് നീങ്ങും. ശേഷം പടിഞ്ഞാറേ ഗോപുരം കടന്ന് ക്ഷേത്രം വലംവച്ച് തെക്കേ ഗോപുരനട തുറക്കും. ചൊവ്വാഴ്ചയാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാനദിവസം. ഇന്ന് വൈകിട്ട് ആനകളുടെ വൈദ്യപരിശോധന നടക്കും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലെയും പൂരപ്പന്തലുകളിലെയും ദീപാലങ്കാരങ്ങള്‍ പൂർത്തിയാവും. ചൊവ്വാഴ്ച രാവിലെ എട്ടിന് ഘടകക്ഷേത്രങ്ങളിലെ ചെറുപൂരങ്ങള്‍ എത്തുകയും 11.30ന് തിരുവമ്പാടി വിഭാഗം മഠത്തില്‍ പ്രവേശിക്കുകയും ചെയ്യും. ചന്ദ്രശേഖരന്‍ ആന തിടമ്പേറ്റും. പകല്‍ മൂന്നിന് പാണ്ടിമേളത്തിന്റെ അകമ്പടിയോടെ ശ്രീമൂലസ്ഥാനത്ത് എത്തും. പകല്‍ പന്ത്രണ്ടിന് പാറമേക്കാവിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറ മേളം നടക്കും. വൈകിട്ട് 5.30ന് തെക്കോട്ടിറക്കും വര്‍ണക്കുടമാറ്റവും നടക്കും. രാത്രി പൂരം കഴിഞ്ഞ് ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.

Get Newsletter

Advertisement

PREVIOUS Choice