നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി; കുടുംബത്തിന്റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്ന് കാണിച്ച് ജസ്റ്റിസുമാരായ സുധാംശു ധൂലിയയും കെ വിനോദ് ചന്ദ്രനുമടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലവിലെ അന്വേഷണത്തിലേയ്ക്ക് ഉള്‍പ്പെടുത്തിയതായും, പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലായതിനാല്‍ സിബിഐ ഇടപെടലിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മഞ്ജുഷയുടെ വാദം സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് കൈമാറണമെന്ന് അഭ്യര്‍ഥിച്ചതാണെങ്കിലും, സുപ്രീംകോടതി അതിനെ അംഗീകരിച്ചില്ല. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യത്തെ തള്ളിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.