തൃശൂര്‍ പൂരം: ആകാശ വിസ്മയമായി സാംപിള്‍ വെടിക്കെട്ട്
തൃശ്ശൂര്‍: ആകാശ വിസ്മയമായി തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് . രാത്രി 7 മണിക്ക് തിരുവമ്പാടി തുടക്കം കുറിച്ച വെടിക്കെട്ട് പാറമേക്കാവ് തുടര്‍ന്നപ്പോള്‍ സ്വരാജ് റൗണ്ടില്‍ ജനസാഗരം ആര്‍ത്തിരമ്പി. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശനും പാറമേക്കാവിനായി കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് ആകാശപ്പൂരത്തിന് നേതൃത്വം നല്‍കിയത്. ഇരുവിഭാഗങ്ങളും 2000 കിലോ വീതം കരിമരുന്ന് ഉപയോഗിച്ചാണ് ആകാശത്തേക്ക് പൊട്ടിത്തെറിയുടെ വര്‍ണ്ണവിസ്മയം പകർന്നത്. പോലീസ് അനുമതിയുള്ള സ്വരാജ് റൗണ്ടിലുള്ള നിശ്ചിത സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ക്ക് വെടിക്കെട്ട് കാണാന്‍ അനുവദിച്ചത്. ചടങ്ങ് അനായാസവും ആകർഷകവുമാകുവാന്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമുണ്ടായിരുന്നു.