കറുത്ത പുക ഉയർന്നു, പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനായില്ല
വത്തിക്കാൻ സിറ്റി: കത്തോലിക്കാസഭയുടെ പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനായി ചേരുന്ന കോൺക്ലേവിന്റെ ആദ്യദിനം തീരുമാനമില്ലാതെ അവസാനിച്ചു. ഇറ്റാലിയൻ സമയം രാവിലെ ഒന്‍പത് മണിയോടെ സിസ്റ്റീൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നാണ് കറുത്ത പുക ഉയർന്നത്. മൂന്ന് മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പ് പ്രക്രിയയിൽ ആര്‍ക്കും ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് ഇതിന്റെ സൂചന. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ രാത്രി വൈകിയും ജനങ്ങള്‍ കാത്തുനിന്നിരുന്നു. അതേസമയം, വ്യാഴാഴ്ച വോട്ടെടുപ്പ് വീണ്ടും തുടരുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. 5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ പുതിയ ഇടയനാകും. അന്തരിച്ച ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തെരഞ്ഞെടുത്തത്.