Latest Updates

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം മെയ് 9-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിനു പിന്നാലെ പ്ലസ് വൺ ക്ലാസുകൾ സമയബന്ധിതമായി ആരംഭിക്കുമെന്നും, വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും അഡ്മിഷൻ ലഭ്യമാക്കാനാകുമെന്നും മന്ത്രി ഉറപ്പു നൽകി. സംസ്ഥാനത്തെ 2,964 പരീക്ഷാ കേന്ദ്രങ്ങളിലുമായി, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് — 28,358 പേർ. അതേസമയം, ഏറ്റവും കുറഞ്ഞ വിദ്യാർത്ഥികൾ പങ്കെടുത്തത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, കേവലം 1,893 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ സ്‌കൂൾ. ഗൾഫ് മേഖലയിൽ 682 പേർ ലക്ഷദ്വീപിൽ 447 പേർ പരീക്ഷയെഴുതി. ഓൾഡ് സ്കീമിൽ (PCO) 8 പേർ കൂടി പരീക്ഷയെഴുതിയതായി മന്ത്രി വ്യക്തമാക്കി. എസ്എസ്എൽസി പരീക്ഷ എഴുതിയവരിൽ 2,17,696 ആണ്‍കുട്ടികളും 2,09,325 പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിൽ 1,42,298 വിദ്യാർത്ഥികൾ, എയിഡഡ് സ്‌കൂളുകളിൽ 2,55,092 പേർ, അൺ എയിഡഡ് സ്‌കൂളുകളിൽ 29,631 പേർ പരീക്ഷ എഴുതിയതായും മന്ത്രി അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice