എം എ ബേബി സിപിഎം ജനറല്‍ സെക്രട്ടറി; ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും ഈ സ്ഥാനത്ത് എത്തുന്ന നേതാവ്
ചെന്നൈ: കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവ് എം എ ബേബിയെ പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്തു. പാര്‍ട്ടിയുടെ ആറാമത്തെ ജനറല്‍ സെക്രട്ടറിയാണ് ബേബി. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന നേതാവാണ് അദ്ദേഹം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പിബി കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ആണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്. 16 അംഗ പൊളിറ്റ് ബ്യൂറോയില്‍ 11 പേര് ബേബിക്ക് പിന്തുണ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയിലാണ് അന്തിമ അംഗീകാരം നല്‍കുക. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര ഘടകങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. ബംഗാളില്‍ നിന്നുള്ള സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലിം, നീലോല്‍പ്പല്‍ ബസു, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിലെ അശോക് ധാവളെ എന്നിവരാണ് എതിര്‍ത്തത്. പിണറായി വിജയന് പിബിയില്‍ തുടരാനായി ഇളവ് നല്കാന് തീരുമാനിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവരുടെ സ്ഥാനത്തേക്ക് മരിയം ധവളെ, യു വാസുക്, അമ്രാ റാം, വിജു കൃഷ്ണന്, അരുണ്‍കുമാര്‍, ശ്രീദീപ് ഭട്ടാചാര്യ എന്നിവരെ പൊളിറ്റ് ബ്യൂറോയിലേക്ക് നിയോഗിക്കും. പ്രായപരിധി കഴിഞ്ഞ പി കെ ശ്രീമതി, മുഹമ്മദ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ തുടരാനായി ഇളവ് നല്കാന് സാധ്യതയുണ്ട്.