എ ജയതിലക് കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറി
തിരുവനന്തപുരo: കേരളത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി എ ജയതിലകിനെ നിയമിച്ചു. ചീഫ് സെക്രട്ടറിയായ ശാരദാ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കാനിരിക്കെ, ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവില്‍ ധനകാര്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ എ ജയതിലക് 2026 ജൂണ്‍ വരെ പുതിയ ചുമതലയില്‍ തുടരാനാണ് സാധ്യത. ആദ്യഘട്ടത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷിയെയും പരിഗണിച്ചെങ്കിലും അദ്ദേഹം താല്‍പര്യം കാണിക്കാതെ വന്നതോടെയാണ് ജയതിലകിന്റെ നിയമനം ഉറപ്പായത്. 1991 ബാച്ച് ഐഎഎസ് ഓഫീസറായ ജയതിലക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദവും ഐഐഎമ്മില്‍ നിന്ന് പി.ജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാനന്തവാടിയില്‍ സബ് കളക്ടറായാണ് അദ്ദേഹത്തിന്റെ സേവന ജീവിതം ആരംഭിച്ചത്. കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളില്‍ ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍ മാനേജിങ് ഡയറക്ടറായും, കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയപ്പോള്‍ സ്പൈസസ് ബോര്‍ഡിന്റെയും മറൈന്‍ എക്സ്പോര്‍ട്ട് ബോര്‍ഡിന്റെയും ചുമതല വഹിച്ചു. സംസ്ഥാനത്തെ ഐഎഎസ് പോരില്‍ എന്‍ പ്രശാന്ത് പരസ്യമായി പോര്‍മുഖം തുറന്നത് എ ജയതിലകുമായിട്ടാണ്.