ഉന്തിയ പല്ല് ഇനി സര്‍ക്കാര്‍ ജോലിക്ക് തടസ്സമല്ല; മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: കായിക ആരോഗ്യ പരിശോധനയെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് നിയമിക്കുന്ന സര്‍ക്കാര്‍ തസ്തികകളില്‍ ഇനി ഉന്തിയ പല്ല് അയോഗ്യതയാകില്ല. ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്‌സൈസ് വകുപ്പുകളിലുള്‍പ്പെടെ യൂണിഫോം ആവശ്യമായ തസ്തികകളിലെ അയോഗ്യതാ മാനദണ്ഡത്തില്‍ നിന്ന് ഉന്തിയ പല്ല് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉദ്യോഗാര്‍ഥികൾക്ക് മറ്റ് യോഗ്യതകൾ മുഴുവന്‍ ഉണ്ടായിരുന്നാലും ഉന്തിയ പല്ലിന്റെ പേരില്‍ നിയമനം നിഷേധിക്കുന്നതിനെതിരെ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ, ബന്ധപ്പെട്ട വകുപ്പുകളിൽ ഈ വിഷയത്തെക്കുറിച്ചുള്ള പ്രത്യേക ചട്ടങ്ങളിൽ ഭേദഗതിക്ക് അനുമതി നൽകിയതായി സര്‍ക്കാര്‍ അറിയിച്ചു.