ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ; ഫ്രാൻസിസ് പ്രവോസ്റ്റ് പുതിയ മാർപാപ്പ
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയൻ. അമേരിക്കൻ പൗരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്റ്റ് ആണ് പാപ്പ ലിയോ 14ാമൻ എന്ന പേരിൽ പുതിയ മാർപാപ്പയായത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയെന്ന അപൂർവതയും 69കാരനായ പ്രവോസ്റ്റിന്റെ പേരിൽ ചേരുന്നു. സ്റ്റാന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ മാർപാപ്പാ വസ്ത്രത്തിൽ പ്രൗഢമായി എത്തിയ പുതിയ മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ചരിത്രമുഹൂർത്തം കാണാൻ എത്തിയത്. കോൺക്ലേവിന്റെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് നടന്നത്. സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്നു ഉയർന്ന വെളുത്ത പുക പുതിയ മാർപാപ്പയെ പ്രഖ്യാപിച്ചു. വോട്ടവകാശമുള്ള 133 കർദിനാൾമാരിൽ നിന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 89 വോട്ടുകൾ ലഭിച്ചാണ് പ്രവോസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സമയം രാവിലെ 10 മണിയോടെയാണ് വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ചേർന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധബലിയർപ്പിച്ചത്. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബറ്റിസ്റ്റ റേ മുഖ്യ കാർമികനായിരുന്നു.