പ്രീപ്രൈമറി അധ്യാപകരുടെ വേതന വർധനയ്ക്ക് ഹൈക്കോടതിയിൽ സ്റ്റേ; ജൂൺ 23ന് വിശദമായ വാദം
സർക്കാർ സ്കൂളുകളിൽ പി.ടി.എ നടത്തിയിരുന്ന പ്രീപ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ ഓണറേറിയം വർധിപ്പിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ. ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്ക് സ്റ്റേ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സിംഗിള്‍ ബെഞ്ച് നൽകിയ ഉത്തരവിലാണ് അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി ഉയർത്തണമെന്ന് നിർദേശിച്ചിരുന്നത്. എന്നാൽ, ഓണറേറിയം തുക വർധിപ്പിക്കേണ്ടത് സർക്കാർ ഭരണതലത്തിൽ തീരുമാനിക്കേണ്ട വിഷയമാണെന്നും അതിന് കോടതി അധികാരപരിധിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഓള് കേരള പ്രീപ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരും ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് വേതനം വര്‍ധിപ്പിച്ച്. സർക്കാർ നടത്തുന്ന പ്രീ-സ്കൂളുകളിലെ അധ്യാപകര്‍ക്ക് തുല്യ ശമ്പള സ്കെയിൽ ഉൾപ്പെടെയുള്ള സേവന വ്യവസ്ഥകൾ വേണമെന്നും, ചെലവുകൾ വർധിച്ച പശ്ചാത്തലത്തിൽ വേതന വർധന അനിവാര്യമാണെന്നും ഹർജിയിൽ അവര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പീൽ ഹർജി ജൂൺ 23-ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും എസ്. മുരളീ കൃഷ്ണനുമടങ്ങുന്ന ബെഞ്ച് വിശദമായി പരിഗണിക്കും.