സ്വപ്ന സുരേഷിന് കുരുക്ക് മുറുകുന്നു, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ സഹായിച്ച പഞ്ചാബ് സ്വദേശി പിടിയിൽ
സ്വർണ്ണ കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‍ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ പഞ്ചാബ് സ്വദേശി പോലീസ് പിടിയിലായതോടെ സ്വപ്നയ്ക്ക് കുരുക്ക് മുറുകുന്നു. സ്‌പേസ് പാർക്കിൽ ജോലി നേടാനാണ് ഇവർ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചത്. .ഇതിന് ഇവരെ സഹായിച്ച പഞ്ചാബിലെ അമൃത്‌സർ സ്വദേശി സച്ചിൻ ദാസിനെയാണ്(41) പോലീസ് അറസ്റ്റ് ചെയ്‍തത്.
മുംബൈയിലെ ബാബാ സാഹിബ് അംബേദ്‌കർ സർവകലാശാലയിൽ നിന്ന് ബികോം ബിരുദം നേടിയതായിട്ടുള്ള വ്യാജ രേഖയാണ് ഇയാൾ സ്വപ്നയ്ക്ക് നിർമ്മിച്ചു നൽകിയത്.ഈ വിഷയത്തിൽ ആരോപണം ഉയർന്നപ്പോൾ തന്നെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു..കോവിഡ് പ്രതിസന്ധിയുടെ കാലത്ത് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന് പൊലീസിന് ചില തടസ്സങ്ങളുണ്ടായെങ്കിലും ഒടുവിൽ പോലീസ് പ്രതിയെ കണ്ടെത്തി. തുടർന്നാണ് ഇയാളെ കന്റോൺമെന്റ് പോലീസ് പഞ്ചാബിൽ നിന്നും പിടികൂടിയത്.
പഞ്ചാബ് സ്വദേശിയായ സച്ചിൻദാസ് ദേവ് എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം മുഖാന്തരം 2017ലാണ് സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത്. ബികോം ബിരുദം നേടിയതായിട്ടുള്ള വ്യാജ രേഖ ഹാജരാക്കിയാണ് സ്വപ്ന സ്‌പേസ്‌പാർക്കിൽ ജോലി കരസ്ഥമാക്കിയയത്.ഒരു ലക്ഷത്തോളം രൂപ നൽകിയാണ് സ്വപ്ന ഈ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൈക്കലാക്കിയത്. ഈ വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ് സ്പേസ് പാർക്ക് കൺസൾട്ടൻസി ആയിരുന്ന പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ ഇവർക്ക് ജോലി നല്കാൻ തീരുമാനിച്ചത്.
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെ തന്നെ വ്യാജബിരുദം ഉപയോഗിച്ചാണ് ഇവർ സ്പേസ് പാർക്കിൽ ജോലി കരസ്ഥമാക്കിയതെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വ്യാജരേഖയാണെന്ന് വാർത്ത വന്നതോടെ സ്വപ്ന ജോലി ചെയ്ത കാലയളവിൽ വാങ്ങിയ ശമ്പളം തിരിച്ചു തരണമെന്ന് സർക്കാരിന്റെ ധനകാര്യപരിശോധനാ വിഭാഗം പ്രൈസ് വാട്ടർ ഹൌസ് കൂപ്പർ കൺസൾട്ടൻസിയോട് ആവശ്യപ്പെട്ടിരുന്നു. സ്പേസ് പാർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന കെഎസ്ഐടിഎല്ലും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട് .എന്നാൽ പിഡബ്ള്യുസി ഇതുവരെ പ്രതികരിച്ചിട്ടില്ല.