Latest Updates

ആര്‍എസ്എസ് വേദിയിലെത്തിയ മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. എവിടേക്ക് പോകുമ്പോഴും വരുമ്പോഴും നോക്കണം, നമുക്ക് അങ്ങോട്ടു പോകാന്‍ പറ്റുമോയെന്ന് ചിന്തിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.  സാമുദായികമായവും സാമൂഹികവും  രാജ്യസ്‌നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരുമെന്നും  അതല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പത്തന്നെ പോകേണ്ട കാര്യം മുസ്ലീംലീഗുകാരെ സംബന്ധിച്ചില്ലെന്നും ശിഹാബ് തങ്ങൾ പ്രതികരിച്ചു..

കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനില്‍ നടന്ന ധ്യാന ബുദ്ധന്റെ പ്രതിമാ അനാച്ഛാദന ചടങ്ങിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ചുമര്‍ ചിത്രം അനാവരണം ചെയ്യാനാണ് കെഎന്‍എ ഖാദര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നത്. ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു. ബുദ്ധന്റെ പ്രതിമാ അനാച്ഛാദനം ചെയ്തത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കരായിരുന്നു.

സംഘ്പരിവാര്‍ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടതില്‍ കെ എന്‍ എ ഖാദറിന് രൂക്ഷവിമർഷനമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. കെഎന്‍എ ഖാദര്‍ ചെയ്തത് നീതീകരിക്കാനാകില്ലെന്ന് ലീഗ് നേതാവ് എംകെ മുനീര്‍ പ്രതികരിച്ചു. കെ എന്‍ എ ഖാദര്‍ ചെയ്തത് മുസ്ലീം ലീഗ് നയത്തിന് എതിരാണെന്നും . വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും എം കെ മുനീര്‍ പറഞ്ഞു. 


അതേസമയം  വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കെ എന്‍ എ ഖാദര്‍ രംഗത്തെത്തിയിരുന്നു. മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും ഒരു സാംസ്‌കാരിക പരിപാടിയാണെന്നുമായിരുന്നു പ്രതികരണം. നാട്ടില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സമയത്ത് എല്ലാ മതസ്ഥരും സ്നേഹവും ഐക്യവും പങ്കിടുന്നത് നല്ലതാണെന്ന് കരുതിയെന്നും  അതിനെ തെറ്റായി ചിത്രീകരിച്ച് ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കെ എന്‍ എ ഖാദര്‍ ചൂണ്ടിക്കാട്ടി. 

Get Newsletter

Advertisement

PREVIOUS Choice