Latest Updates

കണ്ണൂര്‍ സര്‍വകലാശാല വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി സിപിഐഎം.  എന്ത് ക്രിമിനല്‍ കുറ്റമാണ് വിസി ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണമെന്നും  ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വിസിയെന്നും സിപിഐഎം ചൂണ്ടിക്കാണിച്ചു.

നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ''ബഹുമാനപ്പെട്ട ഗവര്‍ണറുമായി ഏറ്റുമുട്ടുക സര്‍ക്കാരിന്റെ നയമല്ല. ഗവര്‍ണര്‍ ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചയാകാം, അതിലൊന്നും പിടിവാശിയില്ല.

ഗവര്‍ണര്‍ നിയമസഭ പാസ്സാക്കിയ ചാന്‍സിലര്‍ സ്ഥാനം ഉപേക്ഷിക്കരുത്. അദ്ദേഹം ചാന്‍സിലര്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള സര്‍ക്കാരിന്റേയും, സര്‍വ്വകലാശാലയുടേയും ശ്രമങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും, നേതൃത്വവും നല്‍കാന്‍ ഉണ്ടാകണമെന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്''. ഈ അഭ്യര്‍ത്ഥന ഇടത് നയത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ ഈ അഭ്യര്‍ത്ഥനയ്ക്ക് അര്‍ഹനല്ല എന്നതാണ് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലൂടെ അദ്ദേഹം കേരളത്തെ ബോധ്യപ്പെടുത്തിയത് എന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സര്‍വ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവര്‍ണറാണ് വ്യക്തമാക്കേണ്ടത്.'' ഈ ഭരണത്തിന്‍ കീഴില്‍ ഔന്നത്ത്യത്തിലേക്ക് സഞ്ചരിക്കുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്ന് സിപിഐഎം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice