ആണ്‍കുട്ടിയെ മുതിർന്ന പുരുഷൻ ലൈംഗികമായി ഉപയോഗിച്ചാൽ പോക്സോ കേസെന്തിന്: എം.കെ.മുനീർ
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി എം കെ മുനീര്‍. പ്രായപൂര്‍ത്തിയായ പുരുഷന് ഒരു ആണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെട്ടാല്‍ പോക്സോ പ്രകാരം കേസെടുക്കുന്നത് എന്തിനെന്നായിരുന്നു മുനീറിൻറെ ചോദ്യം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും . ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് നടപ്പാക്കുന്നതെങ്കില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് കെസെടുക്കുന്നതും എന്തിനാണെന്നും മുനീര്‍ ചോദിച്ചു.
പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ടു കഴിഞ്ഞാല്‍ നീതി ലഭിക്കുമോ എന്നും വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ?', എന്നും മുസ്ളീം ലീഗ് നേതാവ് ചോദിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും സമൂഹത്തില്‍ ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകളുണ്ടാവും എന്ന് ആലോചിക്കുക എന്നും എം.കെ മുനീര്‍ പറഞ്ഞു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, ‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മുനീറിൻറെ പരാമർശങ്ങൾ.
അതേസമയം പരാമർശങ്ങൾ വിവാദമായതോടെ വിശദീകരണവുമായി ലീഗ് നേതാവെത്തി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാര്‍ത്ഥ കള്ളന്മാര് മുഴുവന്‍ രക്ഷപ്പെട്ട് പോക്സോയ്ക്ക് പിടികൊടുക്കാത്ത രീതിയില്‍ പോയാല്‍ പോക്സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ് താന്‍ ഉയര്‍ത്തിയതെന്നും എം.കെ. മുനീര്‍ പറഞ്ഞു.