നഷ്ടസമൃദ്ധി തിരികെ പിടിക്കാനുള്ള പ്രതിജ്ഞയാകട്ടെ ചിങ്ങമാസം
പേമാരിപ്പെയ്ത്തില്‍ വറുതികിടന്ന കര്‍ക്കടകത്തിന് പിന്നാലെ വിളവെടുപ്പുമായി എത്തുന്ന മാസമായതുകൊണ്ടാണ് ചിങ്ങം മലയാളികള്‍ക്ക് വര്‍ഷാരംഭവും സമൃദ്ധവുമാകുന്നത്. വീടു വൃത്തിയാക്കി ചേട്ടാഭഗവതിയെ പുറംതള്ളി ഐശ്യര്യത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്നത് ചിങ്ങത്തലേന്നാണ്.
സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന ഈ മാസമാണ് മലയാളിയുടെ സ്വന്തം ഉത്സവമായ ഓണമെത്തുന്നത്. ഓണത്തെ ഉത്സവമാക്കാനുള്ളതൊക്കെ കരുതിയാണ് ചിങ്ങത്തിന്റെ വരവ്. ചിങ്ങനിലാവ്. ചിങ്ങക്കൊയ്ത്ത് തുടങ്ങി ചിങ്ങത്തോട് ചേര്‍ത്തു പറയാനും ഓര്‍ക്കാനും മലയാളിക്ക് കുറെ ഓര്‍മകളുണ്ട്. കാര്‍ഷിക സമൃദ്ധിയുടെ പഴയകാല സ്മരണകളില്‍ ചിങ്ങം ഒന്ന് കേരളത്തിന് കര്‍ഷകദിനം കൂടിയാണ്. മലയാളത്തനിമകളുടെ നിറം കെടാത്ത ഓര്‍മകളില്‍ അത് മലയാളത്തിന് ഭാഷാദിനവുമാകുന്നു.
ചിങ്ങമാസത്തിലെ ഒന്നാം തീയതി ക്ഷേത്രദര്‍ശനം നടത്തുക എന്നത് ഹൈന്ദവ ആചാരങ്ങളില്‍ ഒഴിച്ചുമാറ്റാനാകാത്ത ഒന്നാണ്. കര്‍ക്കടകം രാമന്റെ മാസമാണെങ്കില്‍ ചിങ്ങം കൃഷ്ണന്റേതാണെന്ന് പറയാം. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തില്‍ അഷ്ടമിതിഥിയു ംരോഹിണി നക്ഷത്രവും ചേരുന്ന അര്‍ദ്ധരാത്രിയിലാണ് ഉണ്ണിക്കണ്ണന്‍ പിറന്നത്. അതുപോലെ ഭഗവാന്‍ വിഷ്ണു വാമാനവതാരത്തിലെത്തി പാതാളത്തിലേക്ക് ചിവിട്ടിത്താഴ്ത്തിയ അസുരരാജാവ് മഹാബലി പ്രജകളെ കാണാനെത്തുന്നതും പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ ദിവസമാണ്. വാമനമൂര്‍ത്തി ഏറ്റവുമധികം ഓര്‍മ്മിക്കപ്പെടുന്നതും പൂജിക്കപ്പെടുന്നതും ചിങ്ങത്തിലായതിനാല്‍ ചിങ്ങം വിഷ്ണുവിന്റെ മാസമാണെന്ന് പറയാം. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ചിങ്ങമാസത്തില്‍ വിശേഷപൂജകള്‍ നടക്കാറുണ്ട്.
ഇനി വരുന്ന ദിവസങ്ങൾ സന്തോഷകരമാകാനും കണ്ണീരില്ലാതെ മലയാളിക്ക് ഓണം ആഘോഷിക്കാനും നഷ്ടപ്പെട്ട സസ്യസമ്പത്ത് തിരികെയെത്തിക്കും എന്ന പ്രതിജ്ഞയാണ് വേണ്ടത്. ആഘോഷങ്ങള്‍ക്കൊപ്പം ആ പ്രതിജ്ഞ പാലിക്കാനുള്ള തുടക്കം കൂടിയാകട്ടെ ഇത്തവണത്തെ ചിങ്ങം. എല്ലാവര്‍ക്കും ഐശ്യര്യനും സമൃദ്ധിയും നല്‍കുന്ന ഓണദിനങ്ങളാകട്ടെ മലയാളിയുടെ ഇനിയുള്ള ദിവസങ്ങള്‍.