വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തോഷം: കൂടുതൽ ബോട്ടുകൾക്ക് ജർമ്മൻ സർക്കാർ വായ്പ നൽകും
കൊച്ചി: വാട്ടർ മെട്രോയുടെ വിജയത്തിൽ സന്തുഷ്ടരായ ജർമ്മൻ സർക്കാർ, പദ്ധതിക്ക് കൂടുതൽ ബോട്ടുകൾ വാങ്ങുന്നതിനായി പുതിയ വായ്പ നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴിയുള്ള വായ്പക്ക് മാനദണ്ഡങ്ങൾ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. "ഗതാഗതം സുഖകരവും ആകർഷകവും, അതുപോലെ ആളുകൾക്ക് ഉപയോഗിക്കാവുന്നതും താങ്ങാനാവുന്നതുമായിരിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," എന്ന് ന്യൂഡൽഹിയിലെ ജർമ്മൻ എംബസിയിലെ ഡെവലപ്‌മെന്റ് കോർപറേഷൻ ഡെപ്യൂട്ടി മേധാവി കാരൻ ബ്ലൂം പറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി സാങ്കേതിക സഹകരണം തുടരുമെന്നും ജിഐഇസ്ഡുമായി ചേർന്ന് പദ്ധതി വികസിപ്പിക്കുമെന്നും അവർ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള 24 നഗരങ്ങളിൽ സമാന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ടെന്നും, ആ പദ്ധതികളിൽ 17 നഗരങ്ങളുമായി സഹകരിക്കാൻ ജർമ്മൻ സർക്കാരിന് താൽപ്പര്യമുണ്ടെന്നും കെഡബ്ല്യുഎംഎല്ലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ വ്യക്തമാക്കി. കൊച്ചി വാട്ടർ മെട്രോയ്ക്കായി മുമ്പ് 110 മില്യൺ യൂറോ ജർമ്മൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ല്യു ബാങ്ക് വായ്പയായി അനുവദിച്ചിരുന്നു. ഗ്രീൻ ആൻഡ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിന്റെ ഭാഗമായ ഈ പദ്ധതി, പരിസ്ഥിതി സൗഹൃദവും എല്ലാ ജനങ്ങൾക്കും വിനിയോഗിക്കാൻ സൗകര്യമുള്ളതുമായ ഗതാഗത സംവിധാനം ലക്ഷ്യമിടുന്നതാണ്.