Latest Updates

തിരുവനന്തപുരം: 2024 ജനുവരി മുതല്‍ ജൂണ്‍ വരെ രാജ്യത്തെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ നല്‍കിയ നിയമന ശുപാര്‍ശകളുടെ കണക്കുകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) പ്രസിദ്ധീകരിച്ചപ്പോള്‍, കേരള പിഎസ് സി തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയ കമ്മീഷനായി. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കി. രാജ്യത്തെ മറ്റ് പിഎസ്എസികള്‍ ചേര്‍ന്ന 30,987 നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ മൊത്തം പിഎസ് സി നിയമനങ്ങളുടെ ഏകദേശം 36 ശതമാനവും കേരളം തന്നെ നല്‍കിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു, അതേസമയം സംസ്ഥാനത്തിന്റെ ജനസംഖ്യ രാജ്യത്തിന്റെ 2.5 ശതമാനം മാത്രമാണ്. കൂടാതെ, കേരളം 2016-21 കാലഘട്ടത്തില്‍ 1.61 ലക്ഷം നിയമനങ്ങളും 2021 മുതല്‍ 2025 ജനുവരി വരെ 1.11 ലക്ഷം നിയമനങ്ങളും നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് A തസ്തികകളിലായുള്ള നിയമനങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നു 1,442 പേര്‍, പട്ടികവര്‍ഗത്തില്‍ 843 പേര്‍, ഒബിസി വിഭാഗത്തില്‍ 5,959 പേര്‍, ജനറല്‍ വിഭാഗത്തില്‍ 9,807 പേര്‍ എന്നിങ്ങനെയാണ് നിയമനം ലഭിച്ചിരുന്നത്. ഇതേ സമയം, ഗ്രൂപ്പ് B, C തസ്തികകളില്‍ കേരളം നിയമനം നല്‍കിയിട്ടില്ല. മറ്റ് ചില സംസ്ഥാനങ്ങളില്‍ നടത്തിയ നിയമനങ്ങളുടെ കണക്കുകള്‍ ഗണ്യമായി കുറവാണ്. ഉദാഹരണത്തിന്, ഗോവയില്‍ 35, ഝാര്‍ഖണ്ഡില്‍ 47, സിക്കിമില്‍ 86, ഗുജറാത്തില്‍ 611, ഉത്തര്‍പ്രദേശില്‍ 753 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. അരുണാചല്‍ പ്രദേശില്‍ ഒരു നിയമനവും ഉണ്ടായിട്ടില്ല, ആന്ധ്രപ്രദേശില്‍ ആകെ 6 നിയമനങ്ങളാണ് ഉണ്ടായത്.

Get Newsletter

Advertisement

PREVIOUS Choice