മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ കലാപരിപാടികള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി, സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) വയനാട്ടിലും നാളെയായി കാസര്‍കോട്ടും നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റിവെച്ചു. വയനാട്ടില്‍ ഇന്ന് നടത്താനിരുന്ന പ്രദര്‍ശന ഉദ്ഘാടനം പരിപാടിയും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാര്‍പാപ്പ ദിവംഗതനായത്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.