Latest Updates

പാകിസ്ഥാനിലെ ലാഹോർ നഗരത്തിലെ 1,200 വർഷം പഴക്കമുള്ള ഒരു ഹിന്ദു ക്ഷേത്രം നീണ്ട കോടതി പോരാട്ടത്തെത്തുടർന്ന് "അനധികൃത താമസക്കാരെ" പുറത്താക്കി പുനഃസ്ഥാപിക്കുന്നു. രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ ബോഡിയുടേതാണ് തീരുമാനം. ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡാണ് (ഇടിപിബി) കഴിഞ്ഞ മാസം ലാഹോറിലെ പ്രശസ്തമായ അനാർക്കലി ബസാറിനടുത്തുള്ള വാൽമീകി മന്ദിർ (ക്ഷേത്രം) ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് വീണ്ടെടുത്തത്.

കൃഷ്ണ ക്ഷേത്രം കൂടാതെ, ലാഹോറിൽ സജീവമായ ഏക ക്ഷേത്രമാണ് വാൽമീകി ക്ഷേത്രം. ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ക്രിസ്ത്യൻ കുടുംബം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വാൽമീകി ജാതി ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്രത്തിൽ ആരാധന നടത്താൻ സൗകര്യമൊരുക്കുന്നത്.

വരും ദിവസങ്ങളിൽ 'മാസ്റ്റർ പ്ലാൻ' അനുസരിച്ച് വാൽമീകി ക്ഷേത്രം പുനഃസ്ഥാപിക്കുമെന്ന് ഇടിപിബി വക്താവ് അമീർ ഹാഷ്മി പറഞ്ഞു. “നൂറിലധികം ഹിന്ദുക്കളും ചില സിഖ്, ക്രിസ്ത്യൻ നേതാക്കളും വാൽമീകി ക്ഷേത്രത്തിൽ ഒത്തുകൂടി. ഹിന്ദുക്കൾ അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും ലുങ്കർ (ഭക്ഷണം) കഴിക്കുകയും ചെയ്തു,

ഇരുപത് വർഷത്തിലേറെയായി ക്രിസ്ത്യൻ കുടുംബം ക്ഷേത്രം പിടിച്ചെടുത്തിരുന്നു. ക്ഷേത്രത്തിന്റെ ഭൂമി റവന്യൂ രേഖയിൽ ഇ.ടി.പി.ബിക്ക് കൈമാറിയെന്നും എന്നാൽ 2010-2011ൽ സ്വത്തിന്റെ ഉടമയാണെന്ന് അവകാശപ്പെട്ട് കുടുംബം സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്‌തെന്നും ഇ.ടി.പി.ബി ഉദ്യോഗസ്ഥൻ ഡോൺ പത്രത്തോട് പറഞ്ഞു.

വ്യവഹാരത്തിന് പോകുന്നതിനു പുറമേ, കുടുംബം വാൽമീകി ഹിന്ദുക്കൾക്ക് മാത്രമായി ക്ഷേത്രം തുറന്നതായും  അദ്ദേഹം പറഞ്ഞു. ഇതോടെ ട്രസ്റ്റിന് കോടതിയിൽ കേസ് നടത്തുകയല്ലാതെ മാർഗമില്ലാതായി. “ഇത്തവണ, തെറ്റായ അവകാശവാദങ്ങൾക്ക് കോടതി ഹരജിക്കാരനെ ശാസിക്കുകയും ചെയ്തു,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

1992-ൽ, ഇന്ത്യയിലെ ബാബറി മസ്ജിദ് തകർത്തതിന് ശേഷം, പ്രകോപിതരായ ഒരു ജനക്കൂട്ടം ആയുധങ്ങളുമായി വാൽമീകി ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി. കൃഷ്ണന്റെയും വാല്മീകിയുടെയും വിഗ്രഹങ്ങൾ തകർത്ത് പ്രതിമകൾ അലങ്കരിച്ചിരുന്ന സ്വർണം പിടിച്ചെടുത്തിരുന്നു. ക്ഷേത്രം തകർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. സമീപത്തെ കടകൾക്കും തീപിടിച്ചതോടെ തീയണക്കാൻ അധികൃതർക്ക് ദിവസങ്ങളെടുത്തു.

പാകിസ്ഥാൻ സുപ്രീം കോടതി രൂപീകരിച്ച ഏകാംഗ കമ്മീഷൻ, ഹിന്ദു സമൂഹത്തിന് പ്രാർത്ഥനയ്ക്കും പൂജയ്ക്കും മികച്ച സൌകര്യം ലഭിക്കാനായി ക്ഷേത്രം നവീകരിക്കണമെന്ന് പ്രസ്താവിച്ച് സർക്കാരിന് ശുപാർശകൾ സമർപ്പിച്ചതായി ETPB വക്താവ് ഡോൺ പത്രത്തോട് പറഞ്ഞു. എന്നാൽ, വ്യവഹാരത്തിന്റെ പശ്ചാത്തലത്തിൽ, നഗരഹൃദയത്തിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന 10 മാർല ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇടിപിബിക്ക് കഴിഞ്ഞില്ല,

വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് കുടിയേറിയ സിഖുകാരും ഹിന്ദുക്കളും അവശേഷിപ്പിച്ച ക്ഷേത്രങ്ങളും ഭൂമിയും പരിപാലിക്കുന്നത് ETPBയാണ്. പാക്കിസ്ഥാനിലുടനീളമുള്ള 200 ഗുരുദ്വാരകളുടെയും 150 ക്ഷേത്രങ്ങളുടെയും മേൽനോട്ടം ഇവർ വഹിക്കുന്നു.

Get Newsletter

Advertisement

PREVIOUS Choice