എംജി സർവകലാശാലയ്ക്ക് ടൈംസ് ഏഷ്യ റാങ്കിങ്ങില്‍ ഇന്ത്യയില്‍ നാലാം സ്ഥാനം
തിരുവനന്തപുരം: മഹാത്മാ ഗാന്ധി സര്‍വകലാശാല (എംജി സര്‍വകലാശാല) ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഏഷ്യ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയിലെ നാലാം സ്ഥാനത്തെത്തി. രാജ്യത്തെ മുന്‍നിര 25 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം നേടിയത് കേരളത്തില്‍ നിന്നുള്ള ഏക സര്‍വകലാശാലയായി എംജി സർവകലാശാല തന്നെ. 2025ലെ ഏഷ്യ റാങ്കിങ്ങില്‍ എംജി സര്‍വകലാശാലയ്ക്ക് 140-ാം സ്ഥാനമാണ് ലഭിച്ചത്. ഏഷ്യയിലെ 35 രാജ്യങ്ങളില്‍ നിന്നായി 353 സര്‍വകലാശാലകളാണ് റാങ്കിംഗിനായി പരിഗണിച്ചത്. ഗവേഷണം, അധ്യയനം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റാങ്ക് നിശ്ചയിച്ചത്. ചൈനയിലെ സിന്‍ഹുവ സര്‍വകലാശാലയാണ് ഏഷ്യന്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ റാങ്കിങ്ങുകളില്‍ മികവ് പുലര്‍ത്തുന്ന എംജി സര്‍വകലാശാല 2025ലെ ആഗോള റാങ്കിങ്ങില്‍ 401-500 വിഭാഗത്തിലാണ്.