പശുക്കള്ളൻ..പശുക്കള്ളൻ..ചെരിപ്പുമായി തൃണമൂൽ നേതാവിനെതിരെ പ്രതിഷേധം
. പശുക്കടത്ത് കേസിൽ അനുബ്രത മണ്ഡലിന്റെ അറസ്റ്റിന് അങ്കലാപ്പാടെ പശ്ചിമബംഗാളിലെ തൃണമൂൽ രാഷ്ട്രീയകേന്ദ്രങ്ങൾ. ബിർഭൂമിന്റെ തൃണമൂൽ (ടിഎംസി) അധ്യക്ഷനെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധം വ്യാഴാഴ്ചയും തുടർന്നു. ബോൽപൂരിൽ നിന്ന് ദുർഗാപൂരിലൂടെ അസൻസോൾ കോടതിയിലേക്ക് കടക്കുന്നതിനിടെയാണ് പ്രതിഷേധക്കാർ കള്ളൻ, പശു കള്ളൻ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി രംഗത്തെത്തിയത്. ഇതിന് പിന്നാലെ അസൻസോൾ കോടതി വളപ്പിലും ഇയാൾക്ക് വലിയ പ്രതിഷേധം നേരിടേണ്ടി വന്നു.
കയ്യിൽ ചെരുപ്പുമായി പ്രതിഷേധക്കാർ ‘ചോർ ചോർ’ എന്ന് വിളിച്ച് പ്രതിഷേധക്കാർഅനുബ്രതയുടെ കാറിന് നേരെ പാഞ്ഞടുത്തു. എന്നാൽ, പോലീസ് കർശനമായ ഇടപെടലോടെ സ്ഥിതിഗതികൾ നിയന്ത്രിച്ചു.
അനുബ്രത മൊണ്ഡലിനെ ബോൽപൂരിലെ നിച്ചുപട്ടിയിലെ വീട്ടിൽ നിന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി ദുർഗാപൂരിലെ സിബിഐ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിനിടെ സിബിഐ ഉദ്യോഗസ്ഥർ അനുബ്രതയെ അസൻസോളിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ച് ആരോഗ്യപരിശോധന നടത്തി. പിന്നീട് തൃണമൂൽ നേതാവിനെ അസൻസോളിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ യാത്രയ്ക്കിടെയാണ് അനുബ്രതയ്ക്ക് ക്തമായ പ്രതിഷേധം നേരിടേണ്ടി വന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിലെന്നാണ് അനുബ്രതയുടെ ബന്ധുക്കൾ പറയുന്നതെങ്കിലും ഇത് യഥാർത്ഥത്തിൽ പൊതുജന രോഷമായാണ് കണക്കാക്കുന്നത്.
നേരത്തെ, എസ്എസ്‌സി അഴിമതി കേസിൽ അറസ്റ്റിലായ പാർത്ഥ ചാറ്റർജിക്ക് നേരെ ഒരു സ്ത്രീ ചെരുപ്പ് എറിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ജോക്കയിലെ ഇഎസ്‌ഐ ആശുപത്രിയിൽ ആരോഗ്യ പരിശോധനയ്‌ക്ക് വിധേയനാകുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം.
ശുബ്ര ഘോരുയി എന്ന യുവതിയാണ് തന്റെ ഷൂ അഴിച്ച് പാർത്ഥ ചാറ്റർജിക്ക് നേരെ എറിഞ്ഞത്. അത്തരമൊരു പ്രതിഷേധ പ്രകടനത്തിലൂടെ ശുബ്ര ഹീറോയായി. ശുബ്രയുടെ പ്രതിഷേധത്തിന്റെ വഴി പിൻതുടർന്നാണ് അനുബ്രതയ്‌ക്കെതിരെ കയ്യിൽ ചെരുപ്പുമായി മാർച്ച് നടന്നതെന്നാണ് കരുതുന്നത്.