പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള സമയമായി: പ്രധാനമന്ത്രി
രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടുവെയ്ക്കാനുള്ള സമയമായി. 25 വര്‍ഷം രാജ്യത്തിന് അതിപ്രധാനമാണെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു. രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാര്‍ച്ചനയും നടത്തി. ഇതുവരെയുള്ള രാജ്യത്തിന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും, ഇക്കാലയളവില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ രാജ്യം അഭിമുഖീകരിച്ചുവെന്നും മോദി ഓർമിപ്പിച്ചു.
വലിയ പദ്ധതികളാണുള്ളതെന്നും അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്പൂര്‍ണ വികസിത ഭാരതം, അടിമത്ത നിര്‍മ്മാര്‍ജ്ജനം, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധര്‍മം പാലിക്കല്‍ എന്നീ അഞ്ച് ലക്ഷ്യങ്ങളാണ് അടുത്ത 25 വര്‍ഷത്തേക്ക് പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും വൈവിധ്യമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. . അടിമത്തത്തിന്റെ ചങ്ങലകള്‍ നാം പൊട്ടിച്ചെറിയണം. അനേകം പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യ മുന്നേറി. ലോകത്തിന് മുന്നില്‍ ഇന്ത്യയെ കുറിച്ചുള്ള കാഴ്ച്ചപ്പാടില്‍ മാറ്റങ്ങള്‍ വന്നെന്നും മോദി ചൂണ്ടിക്കാട്ടി. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് ജന്മസിദ്ധമാണ്. ഭീകരവാദവും തീവ്രവാദവും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാസാഹബ് അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ക്കൊപ്പം വീര്‍ സവര്‍ക്കരെയും പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറയിളക്കിയത് വിപ്ലവകാരികളാണ്. ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സ്വാതന്ത്ര്യത്തിനായി പോരാടിയ വനിതകളെയോര്‍ത്ത് അഭിമാനിക്കുന്നതായും നരേന്ദ്രമോദി പറഞ്ഞു.