സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; സംസ്ഥാനത്ത് സുരക്ഷ കര്‍ശനം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും സെക്രട്ടേറിയറ്റിനും ഗവർണറുടെ വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്ന് ഭീഷണിയില്‍ സൂചിപ്പിച്ചിരിക്കുന്നു. ലഹരിക്കെതിരായ നടപടിയില്‍ നിന്ന് പിൻമാറണമെന്നും സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. വഞ്ചിയൂര്‍ കോടതിയിലും കലക്ടറേറ്റിലും നേരത്തെ സമാനമായ ഭീഷണികള്‍ ലഭിച്ചിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്ന സമയത്താണ് തുടർച്ചയായ ബോംബ് ഭീഷണികള്‍ കണ്ടെത്തുന്നത്, ഇത് ഇന്റലിജന്‍സ് വിഭാഗം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ കേന്ദ്ര ഇന്റലിജന്‍സിനും അതൃപ്തിയുണ്ട്.