Latest Updates

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനും നാടിനും സമര്‍പ്പിക്കും. ഈ അഭിമാന പദ്ധതിയുടെ ആദ്യഘട്ട കമീഷനിങ് ചടങ്ങ് വെള്ളിയാഴ്ച നടക്കും. ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെ 10.15ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്ററും ബെര്‍ത്ത് മേഖലയും സന്ദര്‍ശിച്ചശേഷം, രാവിലെ 11 മണിക്ക് തുറമുഖം ഔപചാരികമായി സമര്‍പ്പിക്കും. ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി.എന്‍ വാസവന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് ചരക്ക് വലിയ തോതില്‍ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്നത് മൂലമുള്ള വിദേശനാണ്യ നഷ്ടം വിഴിഞ്ഞം തുറമുഖം സജീവമാകുന്നതോടെ കുറയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേഷ്യയിലെ ആദ്യ സെമി-ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷത്തില്‍ 15 ലക്ഷം ടിഐയു (TEU) കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു. മെയ് 1ന് 399 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ മദര്‍ഷിപ്പ് എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ തുറമുഖത്ത് എത്തിച്ചേരും. 24,116 ടിഐയു വരെ കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ കപ്പല്‍ പ്രധാനമന്ത്രിയെ ഔപചാരികമായി സ്വീകരിക്കും.

Get Newsletter

Advertisement

PREVIOUS Choice