ഹോട്ടലില്‍ നിന്നും രക്ഷപ്പെട്ട സംഭവം: ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി
കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന് ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഷൈന്‍ 10 മണിക്ക് തന്നെ അഭിഭാഷകരോടൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയതിന് പിന്നിലെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് ഷൈനിന് നോട്ടീസ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യാവലിയെ അടിസ്ഥാനമാക്കി സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലാണ് നടക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരിക്കുകയാണ്. കൂടാതെ, ഇയാള്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഡാന്‍സാഫ് സംഘം ലഹരി പരിശോധനയ്ക്കായി ഹോട്ടലിലെത്തിയപ്പോള്‍ ഷൈന്‍ എന്തിനാണ് രക്ഷപ്പെട്ടത് എന്നത് വ്യക്തമാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ തുടര്‍ന്ന പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല.