Latest Updates

വിജയത്തിന്റെ വക്കിൽനിന്ന് ആതിഥേയരെ തോൽവിയുടെ നിരാശയിലേക്ക് തള്ളിവിട്ട ഇന്ത്യയ്ക്ക്, സിംബാബ്‍വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ ജയം. അവസാന നിമിഷം വരെ വിജയം ഉറപ്പിച്ച് പൊരുതിയ സിംബാബ്‍വെയെ, അവസാന നിമിഷത്തെ തിരിമറിയിൽ 13 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്കായി സിക്കന്ദർ റാസ സെഞ്ചറിയുമായി തിളങ്ങിയെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സിംബാബ്‍വെയുടെ മറുപടി 49.3 ഓവറിൽ 276 റൺസിൽ അവസാനിച്ചു.

ഏകദിനത്തിലെ ആറാം സെഞ്ചറി കുറിച്ച റാസ 115 റൺസെടുത്ത് ഒൻപതാമനായി പുറത്തായി. 95 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് റാസയുടെ ഇന്നിങ്സ്. അവസാന 13 പന്തിൽ മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ സിംബാബ്‍വെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 17 റൺസ് മാത്രമായിരുന്നു. സെഞ്ചറി കൂട്ടുകെട്ടുമായി ക്രീസിലുണ്ടായിരുന്ന സിക്കന്ദർ റാസ – ബ്രാഡ് ഇവാൻസ് സഖ്യം സിംബാബ്‌വെയെ അനായാസം വിജയത്തിലെത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 48–ാം ഓവറിന്റെ അവസാന പന്തിൽ ഇവാൻസിനെ എൽബിയിൽ കുരുക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. അവസാന രണ്ട് ഓവറിൽ റാസ ക്രീസിൽ നിൽക്കെ സിംബാബ്‍വെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 17 റൺസ്. 49–ാം ഓവറിലെ ആദ്യ പന്തിൽ റാസയെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ച ഷാർദുൽ ഠാക്കൂർ സിംബാബ്‍വെയുടെ പ്രതീക്ഷ തല്ലിക്കെടുത്തി. അവസാന ഓവറിലെ മൂന്നാം പന്തിൽ വിക്ടർ ന്യായൂച്ചിയെ ആവേശ് ഖാൻ പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് 13 റൺസ് വിജയം.

ഇന്ത്യൻ നിരയിൽ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേൽ, 10 ഓവറിൽ 38 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരുടെ പ്രകടനം ശ്രദ്ധേയമായി. ആവേശ് ഖാൻ 9.3 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹറും രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ 75 റൺസ് വഴങ്ങി. ഷാർദുൽ ഠാക്കൂർ ഒൻപത് ഓവറിൽ 55 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

Get Newsletter

Advertisement

PREVIOUS Choice