ബില്ലുകളില്‍ തീരുമാനമെടുക്കല്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണറും രാഷ്ട്രപതിയും വൈകിയതിനെതിരേ കേരളം നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി. എസ്. നരസിംഹയുടെ അധ്യക്ഷത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിശോധിക്കുക. കേരള സര്‍ക്കാരും എം.എല്‍.എ ടി.പി. രാമകൃഷ്ണനും ചേര്‍ന്നാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനോട് ബന്ധപ്പെട്ട് നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. തള്ളി വെച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും എന്താണ് രേഖപ്പെടുത്തിയത് എന്നത് പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ബില്ലുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച തീരുമാനവും കേരളം ചൂണ്ടിക്കാണിക്കും. ഇതിനിടെ, ബില്ലുകള്‍ സംബന്ധിച്ച സമയപരിധി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. ഉത്തരവിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.