Latest Updates

സൊമാറ്റോ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയിലെ വിതരണ തൊഴിലാളികൾ തിരുവനന്തപുരം ജില്ലയിൽ നടത്തി വന്നിരുന്ന സമരം ഒത്തു തീർപ്പായി. ശമ്പള അലവൻസ് വിഷയങ്ങളിൽ നിലനിർന്നിരുന്ന തർക്കത്തെ തുടർന്ന് ജീവനക്കാർ നടത്തി വന്ന സമരമാണ് അഡീ ലേബർ കമ്മിഷണർ കെ ശ്രീലാലിന്റെ നേതൃത്വത്തിൽ ലേബർ കമ്മിഷണറേറ്റിൽ  നടത്തിയ ഒത്തു തീർപ്പു ചർച്ചയെ തുടർന്ന് പിൻവലിച്ചത്.

ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം പ്രതിവാര ഇൻസെന്റീവും മഴസമയങ്ങളിൽ  ഇൻസെന്റീവും ഹോട്ടലിലെ വെയിറ്റിംഗ് സമയത്തിൽ കുറവും വരുത്തുന്നതിന് തീരുമാനമായി.  നാലായിരം രൂപയ്ക്ക് മേൽ ഭക്ഷണ വിതരണം നടത്തുമ്പോൾ 15 ശതമാനം കമ്മിഷനും 5000ത്തിനുമേൽ 25 ശതമാനവും  7500 രൂപയ്ക്ക് മുകളിൽ ഭക്ഷണവിതരണം നടത്തുമ്പോൾ 35 ശതമാനവും വിതരണ തൊഴിലാളികൾക്ക് ഇൻസെന്റീവായി ലഭിക്കും. മഴയുള്ള സമയങ്ങളിൽ ലഭിച്ചിരുന്ന ബോണസ് തിരികെ സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനമായി.തിരക്കുള്ള സമയങ്ങളിൽ  അത് 25രൂപയും അല്ലാത്ത സമയങ്ങളിൽ  20രൂപയുമാണ് ലഭിക്കുക.

ഭക്ഷണം എടുക്കാനോ കൊടുക്കാനോ പോകുന്ന ലൊക്കേഷനുകളിൽ യാത്രാദൂര വ്യത്യാസമുണ്ടെങ്കിൽ അക്കാര്യം മാനേജ്‌മെന്റിനെ നേരത്തേ അറിയിക്കേണ്ടതാണ്. ആഴ്ചയിലൊരിക്കൽ ടീം ലീഡർ സർവീസ് അനുവദിക്കേണ്ടതാണ്. വെയിറ്റിംഗിനുള്ള അധിക തുക കണക്കാക്കുന്നതിന് റെസ്‌റ്റോറന്റുകളിലെ കുറഞ്ഞ വെയിറ്റിംഗ് സമയം  15 മിനിട്ടിൽ നിന്ന് 10 മിനിട്ടാക്കി കുറച്ചു. വിതരണ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിന് മുൻപ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കണം.

ആഴ്ചയിലെ ആറു ദിവസത്തെ പ്രവർത്തനം വിലയിരുത്തി അർഹമായ വേതനം നൽകേണ്ടതാണെന്നും ഒത്തു തീർപ്പ് ചർച്ചയിൽ തീരുമാനിച്ചു. ചർച്ചയിൽ  മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സൊമാറ്റോ കേരള കർണാടക സ്‌റ്റേറ്റ് ഹെഡ് ഹിരൺ വി എം,  സൊമാറ്റോ സൗത്ത് ഇന്ത്യ റീജ്യണൽ ഹെഡ് അഭിഷേക് ഷെട്ടി എന്നിവരും തൊഴിലാളികളെ പ്രതിനിധീകരിച്ച് ഡോ ഷിജു ഖാൻ, അനൂപ് വി,സുരേഷ് ഡി, ബാലചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു. 

Get Newsletter

Advertisement

PREVIOUS Choice