ഇന്‍ഫോസിസില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 240 ട്രെയിനികളെ പുറത്താക്കി
ബംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന് ഇന്‍ഫോസിസ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് തയ്യാറാകുന്നു. ഇന്റേണല്‍ അസസ്മെന്റ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 240 ട്രെയിനികളെ കമ്പനി ജോലിയില്‍ നിന്ന് പുറത്താക്കി. ഫെബ്രുവരി മാസത്തിലും ഏകദേശം 300 ജീവനക്കാരെ ഇന്‍ഫോസിസ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍ 2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനിങ് ബാച്ചിലുളളവരാണ്. ഇവരില്‍ പലരും 2022-ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചെങ്കിലും കോവിഡ് മഹാമാരി, പ്രൊജക്ട് വൈകീല്‍, നിയമനത്തിലെ താമസം തുടങ്ങിയ കാരണങ്ങളാല്‍ 2024 വരെ കാത്തിരുന്നവരാണ്. കമ്പനി അയച്ച ഇമെയിലില്‍, ഇന്‍ഫോസിസില്‍ തുടരാന്‍ ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇവര്‍ക്ക് നേടാനായില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 18 (വെള്ളിയാഴ്ചയാണ്) ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാര്‍ക്ക് ലഭിച്ചത്. ജോലിയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇന്‍ഫോസിസ് സൗജന്യ അപ്സ്കില്ലിങ്ങ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി അറിയിച്ചു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഫോസിസ് ബിപിഎം ലിമിറ്റഡില്‍ ലഭ്യമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്തു.